ശ്രേഷ്ഠ കാതോലിക്ക ബാവക്ക് അധികാരം ഇന്ത്യയിൽ മാത്രം : അന്ത്യോഖ്യ ബാവ
Monday, November 21, 2016 8:31 AM IST
കുവൈത്ത്: ഇന്ത്യയിലെ പാത്രിയർക്കീസ് വിഭാഗത്തിന്റെ തലവനായ ബസോലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവക്ക് ഇന്ത്യയിൽ മാത്രമാണ് ഭരണാധികാരമുള്ളതെന്നും ഇന്ത്യക്കു പുറത്ത് കുടിയേറിപ്പാർക്കുന്ന പാത്രിയർക്കീസ് സഭാ വിശ്വാസികളുടെ മുഴുവൻ ഭരണാധികാരവും തന്നിൽ തന്നെ നിഷിപ്തമായിരിക്കുന്നുവെന്ന് കുവൈത്തിൽ സന്ദർശനം നടത്തുന്ന മോറാൻ മാർ ഇഗ്നാത്തിയോസ് അപ്രേം അന്ത്യോഖ്യ പാത്രിയർക്കീസ് ബാവ.

സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ക്ഷണം സ്വീകരിച്ച് മൂന്നു ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു നയം വ്യക്‌തമാക്കിയത്.

2017 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ബാവാ പറഞ്ഞു. കഴിഞ്ഞ തന്റെ കേരള സന്ദർശന വേളയിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുമായുള്ള തർക്ക വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുവാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇതുവരെയായി അവരുടെ ഭാഗത്തുനിന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ തർക്കം തന്റെ കാലയളവിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്നും അതിനായി നിരന്തരം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിൽ ഐഎസ് തീവ്രവാദ സംഘത്തിന്റെ ഇരകളാകുന്നത് ക്രിസ്ത്യാനികളെപോലെയോ അതിലധികമായോ മുസ് ലിംകളാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഐഎസ് തീവ്രവാദ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട സംഭവം അദ്ദേഹം വിവരിച്ചു. അന്നത്തെ ആക്രമണത്തിൽ ബാവയുടെ രണ്ട് അംഗരക്ഷകർ കൊല്ലപ്പെട്ടിരുന്നു.

വാർത്താസമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്കൊപ്പം കേരളത്തിൽ നിന്നുമെത്തിയ വിവിധ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തമാരും വലിയപള്ളിയുടെ ഭാരവാഹികളും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ