കേന്ദ്ര സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക് സാധാരണക്കാരുടെമേൽ : നവയുഗം
Monday, November 21, 2016 8:23 AM IST
ദമാം: കള്ളപ്പണത്തെ തടയാനെന്ന പേരിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടി, ഇന്ത്യയിലെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന തുഗ്ലക്ക് പരിഷ്ക്കാരമായി മാറിയതായി നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന 65 കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും പരസ്യമായി പറയില്ല എന്ന് സുപ്രീംകോടതിയിൽ നിലപാടെടുത്ത മോദി സർക്കാർ, തങ്ങളുടെ കഴിവുകേട് മറച്ചുവയ്ക്കാനാണ് സാധാരണ ജനങ്ങളുടെ നെഞ്ചിലേക്ക് സർജിക്കൽ സ്ട്രൈക്ക് നടത്തുന്നത്. അഞ്ചു ശതമാനം വരുന്ന കള്ളപ്പണക്കാരെ പിടിക്കാൻ, തൊണ്ണൂറു ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന നടപടി ഒരിക്കലും ജനങ്ങളെ സ്നേഹിക്കുന്ന ഒരു സർക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.

ബാങ്കുകളിലും എടിഎമ്മുകളിലും യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, പകരം സംവിധാനങ്ങൾ ഒരുക്കാതെ, ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന 85 ശതമാനം വരുന്ന 500, 1000 രൂപയുടെ കറൻസിയും ഒരു അർധരാത്രി നിരോധിച്ച്, രാജ്യത്ത് ഒരു സാമ്പത്തികഅടിയന്തരാവസ്‌ഥ സൃഷ്ടിച്ച മോദി സർക്കാരിന്റെ നിലപാട്, ജനാധിപത്യത്തോടുള്ള വെല്ലുവിളിയും പാവപ്പെട്ട ജനങ്ങളോടുള്ള അവഗണനയും വെളിവാക്കുന്നു.

കഴിഞ്ഞ പത്തു ദിവസങ്ങൾക്കകം നാല്പതോളം ഇന്ത്യക്കാരാണ് ക്യൂവിൽ നിന്ന് കുഴഞ്ഞു വീണ് മരിച്ചത്. നിത്യജീവിതചെലവുകളും വിവാഹങ്ങളും ആശുപത്രി ചികിത്സ ചെലവുകളും നടത്താനാകാതെ മധ്യവർഗക്കാർ വലഞ്ഞപ്പോൾ, നോട്ടുക്ഷാമം ദിവസക്കൂലിക്കാരുടെ ജീവിതമാർഗം തന്നെ ഇല്ലാതായിരിക്കിയിരിക്കുകയാണ്. സമസ്ത ഉത്പാദന, വ്യാപാര മേഖലകളും സ്തംഭിച്ചപ്പോൾ, ഇന്ത്യൻ സാമ്പത്തികരംഗം തന്നെ തകരാൻ തുടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും കണക്കു പറയുന്ന അധികൃതർക്ക്, 1000 രൂപയ്ക്ക് പകരം 2000 രൂപയുടെ കറൻസി ഇറക്കിയ നടപടിയുടെ പിന്നിലെ യുക്‌തി എന്തെന്ന് പോലും വിശദമാക്കാൻ കഴിയുന്നില്ല. എടിഎമ്മുകളിൽ നിറയ്ക്കാൻ ഉള്ള സംവിധാനം പോലും ചെയ്യാതെയാണ് പുതിയ നോട്ടുകൾ ഇറക്കിയത് എന്നത് സർക്കാരിന്റെ കഴിവുകേടിന്റെ തെളിവാണ്.

സാമ്പത്തികരംഗത്തെ അനിശ്ചിതത്വവും മൂലം പ്രവാസികളുടെ പണം അയയ്ക്കലും തടസപ്പെട്ടിരിക്കുന്നു. യാത്രാ ആവശ്യങ്ങൾക്കും മറ്റുമായി 500, 1000 രൂപ നോട്ടുകൾ നാട്ടിൽ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികൾ, ആ കറൻസി എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. മണി എക്സ്ചേഞ്ചുകൾ വഴിയോ, ഇന്ത്യൻ എംബസി വഴിയോ അത്തരം കറൻസികൾ മാറ്റി വാങ്ങാനുള്ള ഒരു സംവിധാനവും കേന്ദ്രസർക്കാർ ഒരുക്കിയിട്ടില്ല.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, രാഷ്ര്‌ടീയ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തിയും സാധാരണക്കാരന്റെ പണം കൊണ്ട് കോർപറേറ്റുകൾക്ക് ലോൺ നൽകാനുള്ള രഹസ്യഅജണ്ട മനസിൽ വച്ചുമാണ് മോദി സർക്കാർ ഈ തുഗ്ലക്ക് പരിഷ്കാരം ഏർപ്പെടുത്തിയതെന്നും ഇതിനെതിരെ ഇന്ത്യൻ ജനത ഒറ്റകെട്ടായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം