ഇന്ത്യ യുഎഇ സൗഹൃദം ലോകത്തിന് മാതൃക: ഇ. അഹമ്മദ്
Saturday, November 19, 2016 8:53 AM IST
ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രവും വാണിജ്യപരവുമായ സൗഹൃദം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എംപി അഭിപ്രായപെട്ടു. 45–ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതയും സമാധാനവും നില നിൽക്കുന്ന അപൂർവം ചില രാജ്യങ്ങളിൽ ഒന്നാണ് യുഎഇ എന്നും ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വം അനുകരണീയമാണെന്നും ഇ.അഹമ്മദ് പറഞ്ഞു.

ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടിയിൽ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, സംസ്‌ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സ്പോർട്സ് വിംഗ് ചെയർമാൻ ആവയിൽ ഉമ്മർ ഹാജി എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഹസൈനാർ ഹാജി എടച്ചാകൈ, ത്വൽഹത്ത് ഫോറം ഗ്രൂപ്പ് ഷാഫി മുട്ടം, വി.പി. ഷഫീഖ് എന്നിവർ സംബന്ധിച്ചു.

കെഎംസിസി സ്പോർട്സ് മീറ്റിന് തുടക്കം

ദുബായ് കെഎംസിസിയുടെ സ്പോർട്സ് മീറ്റിൽ പല മത്സരങ്ങളും സംസ്‌ഥാന മീറ്റിന്റെ നിലവാരത്തിലേക്ക് ഉയർന്നു. ഹൈജംപ്, നൂറു മീറ്റർ ഓട്ടം എന്നീ മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികൾ സംസ്‌ഥാന മീറ്റ് റിക്കാർഡിന്റെ നിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. പതിനാല് ജില്ലകളിൽ നിന്നായി മുന്നൂറോളം മത്സരാർഥികൾ അങ്കത്തിനിറങ്ങിയപ്പോൾ മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി. ഇതുവരെ നടന്ന മത്സര ഫലമനുസരിച്ച് 40 പോയന്റുമായി കണ്ണൂർ ജില്ല ഒന്നാം സ്‌ഥാനത്തും 30 പോയിന്റുമായി മലപ്പുറം ജില്ല രണ്ടാം സ്‌ഥാനത്തും 18 പോയിന്റുമായി കോഴിക്കോട് ജില്ല മൂന്നാം സ്‌ഥാനത്തുമാണ്. സംസ്‌ഥാന ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ഷുക്കൂർ സ്പോർട്സ് കമ്മിറ്റി കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ