ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഡന്റൻ കൂലി നിര്യാതനായി
Saturday, November 19, 2016 6:33 AM IST
ഹൂസ്റ്റൺ: പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഡെന്റൻ കൂലി നവംബർ 18ന് ഹൂസ്റ്റണിൽ നിര്യാതനായി. 96 വയസായിരുന്നു.

ടെക്സസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപകനായ ഡോ. കൂലി അമേരിക്കയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിന് നേതൃത്വം നൽകിയിരുന്നു.

സൗത്ത് ആഫ്രിക്കയിലെ ഡോ. ക്രിസ്ത്യൻ ബർണാഡ് ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന് ഒരു വർഷത്തിനുശേഷം 1968 ലായിരുന്നു അമേരിക്കയിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഒരു ലക്ഷത്തോളം ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടറെ തേടി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 1969ൽ ഏപ്രിൽ നാലിന് താത്കാലിക ക്രിത്രിമ ഹൃദയം വച്ചുപിടിപ്പിക്കുന്നതിലും ഡോ. കൂലി വിജയച്ചിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള ഡോക്ടറുടെ നിര്യാണം ലോകത്തിനും പ്രത്യേകിച്ച് അമേരിക്കയ്ക്കും തീരാനഷ്ടമാണെന്ന് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ