ഡോ. തോമസ് വർഗീസിന്റെ ‘തോമസ് ടെക്നിക്’ വെസ്റ്റ് ഏഷ്യ കാൻസർ കോൺഗ്രസിൽ
Saturday, November 19, 2016 3:58 AM IST
ടെഹ്റാൻ: ഇറാനിലെ ടെഹ്റാനിൽ നടക്കുന്ന വെസ്റ്റ് ഏഷ്യ കാൻസർ കോൺഗ്രസിൽ ലോകപ്രശസ്ത സർജിക്കൽ ഓങ്കോളജിസ്റ്റും കൊച്ചി റെനായ് മെഡിസിറ്റിയിലെ കാൻസർ ചികിത്സാവിഭാഗം മേധാവിയുമായ ഡോ. തോമസ് വർഗീസ് കാൻസർ ചികിത്സയിലെ ‘തോമസ് ടെക്നിക’ സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇറാനിയൻ കാൻസർ അസോസിയേഷന്റെ ക്ഷണപ്രകാരം ഫാക്കൽറ്റിയായിട്ടാണ് ഡോ. തോമസ് വർഗീസ് പങ്കെടുക്കുന്നത്. ഇറാനിൽ നിന്നും വെസ്റ്റ് ഏഷ്യയിൽ നിന്നുമുള്ള 500–ലേറെ പ്രതിനിധികളാണ് കാൻസർ കോൺഗ്രസിൽ സംബന്ധിക്കുന്നത്.

തൈറോയ്ഡ്, ബ്രസ്റ്റ് കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട സർജറികളിലെ നൂതന സങ്കേതമാണ് ഡോ. തോമസ് ആവിഷ്കരിച്ച തോമസ് ടെക്നിക്ക്. തൈറോയ്ഡ് കാൻസർ ചികിത്സയിലെ ഹൊറിസോണ്ടൽ ലാറ്ററൽ തൈറോയ്ഡക്ടമി– തോമസ് ടെക്നിക്, സ്തനാർബുദ ചികിത്സയിലെ ഡ്രെയിൻലെസ് ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് കാൻസർ സർജറി– തോമസ് ടെക്നിക് എന്നിവയെക്കുറിച്ച് കാൻസർ കോൺഗ്രസിൽ അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.

‘സർജറിക്കു ശേഷം 24 മണിക്കൂറിനുളളിൽ രോഗിയെ വീട്ടിൽ വിടാം. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷം അവർക്കു ജോലികളിൽ പ്രവേശിക്കാം. തീരെ ചെറിയ ഒരു മുറിവിലൂടെ ഓപ്പൺ ചെയ്താണു സർജറി. കഴുത്തിൽ സ്വതവേ കാണപ്പെടുന്ന മടക്കുകളിൽ കൂടി ഓപ്പറേറ്റ് ചെയ്യുന്നു. അതിനാൽ പാടുകൾ അവശേഷിക്കില്ല...’ഡോ. തോമസ് വർഗീസ് രാഷ്്ട്രദീപികയോടു പറഞ്ഞു.

ശരീരസൗന്ദര്യം നഷ്‌ടമാകില്ല എന്നതാണ് തോമസ് ടെക്നിക്ക് പ്രകാരം നടത്തുന്ന ഡ്രെയിൻലെസ് ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് കാൻസർ സർജറിയുടെ മറ്റൊരു സവിശേഷത. മികച്ച ചികിത്സ രീതിയെന്ന് വിദേശ രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ മുമ്പും ‘തോമസ് ടെക്നിക്’ അംഗീകാരം നേടിയിട്ടുണ്ട്. ഡോ. തോമസ് വർഗീസ് ആവിഷ്കരിച്ച തോമസ് ടെക്നിക്കിനെക്കുറിച്ച് മലയാള പത്രങ്ങളിൽ ആദ്യമായി രാഷ്്ട്രദീപികയും ദീപികയും ആധികാരിക ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു.