സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം സമർപ്പിച്ചു
Friday, November 18, 2016 9:55 AM IST
ദോഹ: മൂന്നാമത് സംസ്കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം സമർപ്പിച്ചു. ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് സബീന എം. സാലിക്ക് കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയും ജൂറി അധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ് സമർപ്പിച്ചു. അരലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ‘മയിൽചിറകുള്ള മാലാഖ അഥവാ മലക് താവൂസ്’ എന്ന ചെറുകഥയാണ് സബീന എം. സാലിയെ അവാർഡിന് അർഹയാക്കിയത്.

ജിസിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യുഎഇ, സൗദി, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുമായി 60 ചെറുകഥകളാണ് ലഭിച്ചത്.

പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ.എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

2017 വർഷത്തേയ്ക്കുള്ള സംസ്കൃതി അംഗത്വ വിതരണം ഡിവൈഎഫ്ഐ മുൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗൾഫ് അമേച്വർ നാടകോത്സവത്തിൽ സംസ്കൃതിയുടെ ‘കടൽ കാണുന്ന പാചകക്കാരൻ’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്‌ഥാന സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ദർശന രാജേഷിനെ ചടങ്ങിൽ ആദരിച്ചു. സംസ്കൃതിയുടെ തീംസോംഗ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പുരസ്കാരസമിതി കൺവീനർ ഇ.എം. സുധീർ, സംസ്കൃതി വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്കൃതിയുടെ കലാവിഭാഗം അണിയിച്ചൊരുക്കിയ ബഷീറിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ എന്ന നാടകവും അരങ്ങേറി.