കളിക്കളം കുട്ടികൾ അംബാസഡറെ സന്ദർശിച്ചു
Wednesday, November 16, 2016 10:10 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) കുട്ടികളുടെ കൂട്ടായ്മയായ കളിക്കളത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അംബാസഡർ സുനിൽ ജയിനെ സന്ദർശിച്ചു. അംബാസഡർ ശിശുദിനത്തെകുറിച്ചും ഇന്ത്യയിലെ സമകാലിക വിഷയങ്ങളെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. കുട്ടികൾ എംബസിയുടെ പ്രവർത്തനങ്ങളെകുറിച്ചും ഇന്ത്യൻ കൾചർ പ്രവാസികളുടെ കുട്ടികളിൽ സ്വാധീനം ചെലുത്താൻ എംബസിയുടെ ഭാഗത്തു നിന്നും എന്തെല്ലാം ചെയ്യുന്നുണ്ടെന്നും ആരാഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ അംബാസഡർ ആകുവാൻ എന്തെല്ലാം ചെയ്യണമെന്നും അതിനുള്ള തയാറെടുപ്പ് എന്താണെന്നും ഇന്ത്യൻ സ്കൂളുകളിൽ ഈടാക്കുന്ന ഉയർന്ന ഫീസിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവന്നു. എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടി നൽകിയ സുനിൽ ജെയിൻ നാളെയുടെ വാഗ്ദാനങ്ങൾ നിങ്ങളാണെന്നും നല്ല പൗരന്മാരായി വളരട്ടെ എന്നാശംസിക്കുകയും അതിനു വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

അസോസിയേഷൻ വനിതാവേദി ജനറൽ കൺവീനർ അംബിക മുകുന്ദന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അസോസിയേഷന്റെ വിവിധ ഏരിയകളിൽ നിന്നുമുള്ള പന്ത്രണ്ടോളും കുട്ടികൾക്കുപുറമെ അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുക്കാടൻ, വൈസ് പ്രസിഡന്റ് സുഗുണനാഥ്, കളിക്കളം ജനറൽ കൺവീനർ റൊണാൾഡ് ഫ്രാങ്ക്, സെക്രട്ടറി ജോയൽ ജോർജ്, ജോയിന്റ് സെക്രട്ടറി അജ്മൽ ഷഹീം, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എറിക് ഡേവീസ്, ക്ലമന്റ് ജസ്റ്റിൻ, നിഹാസ് മുഹമ്മദ്, വിഘ്നേഷ് മനീഷ്, നന്ദന സന്തോഷ്. ഏരിയ കോർഡിനേറ്റർമാരായ അമൃത രാജൻ, മെറിൻ വിൽസൺ, ആയിഷ ഫാത്തിമ, അനലിസ് വർഗീസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ