പാത്രിയർക്കീസ് ബാവാ കുവൈത്തിൽ സന്ദർശനം നടത്തുന്നു
Wednesday, November 16, 2016 9:46 AM IST
കുവൈത്ത്: പാത്രിയർക്കീസ് ബാവാ നവംബർ 17 മുതൽ 19 വരെ കുവൈത്തിൽ ശ്ലൈഹീക സന്ദർശനം നടത്തുന്നു. കുവൈത്തിലെ മൂന്ന് യാക്കോബായ ഇടവകകളും സംയുക്‌തമായി നടത്തുന്ന അപ്പോസ്തോലിക സന്ദർശനത്തിന് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ചർച്ച് നേതൃത്വം നൽകും.

17ന് കുവൈത്തിൽ എത്തിച്ചേരുന്ന പരി. പാത്രിയർക്കീസ് ബാവായ്ക്കും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കും പിതാക്കന്മാർക്കും 17ന് വൈകിട്ട് 6.30ന് NECK യിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന വിശുദ്ധകുർബാനയിൽ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വവും ശ്രേഷ്ഠ കാതോലിക്കാ ബാവാ സഹകാർമികത്വവും വഹിക്കും.

18 ന് വൈകുന്നേരം നാലിന് അബാസിയായിലെ മെറീനാ ഹാളിൽ ഇടവകയുടെ പതിനെട്ടാമത് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ പൊതുസമ്മേളനം പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഇടവക മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോർ സേവേറിയോസ്, ജോസഫ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ സേവേറിയോസ്, മാത്യൂസ് മോർ അപ്രേം, ഡോ. ഗീവർഗീസ് മോർ കൂറിലോസ്, മാത്യൂസ് മോർ തീമോത്തിയോസ്, നെക്ക് ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ്, സഹോദര സഭകളുടെ പിതാക്കന്മാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങിയവർ സംബന്ധിക്കും. രാത്രി 7.30ന് NECK യുടെ 85–ാം വാർഷികത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പാത്രിയർക്കീസ് ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. 19ന് പരിശുദ്ധ ബാവ മടങ്ങിപോകും.

റിപ്പോർട്ട്: സലിം കോട്ടയിൽ