അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ ഇടവകയുടെ കൊയ്ത്തുത്സവം 18 ന്
Wednesday, November 16, 2016 4:00 AM IST
അബുദാബി: സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം നവംബർ 18 ന് (വെള്ളി) വൈകുന്നേരം മുതൽ കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളനം മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ജഗജിത് സിംഗ്, സെന്റ് ജോസഫ് കത്തോലിക്കാ ഇടവക വികാരി ഫാ. ജോൺസൺ കെ. ജോസഫ്, യുഎഇ ക്ലർജി ഫെല്ലോഷിപ്പ് സെക്രട്ടറി ഫാ. രജീഷ് സക്കറിയ, സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവക വികാരി ഫാ. ഇമ്മാനുവൽ തോമസ് എന്നിവർ പ്രസംഗിക്കും.

കേരളീയ ഭക്ഷണങ്ങൾക്ക് പുറമെ ലബനീസ്, ഫിലിപ്പിനോ, ചൈനീസ്, അറബിക് ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തോമസ് മാർ അലക്സാന്ത്രിയോസ് അറിയിച്ചു. തട്ടുകട, മുംബൈ ചാറ്റ്, ബിരിയാണികൾ ,നാടൻ പലഹാരങ്ങൾ എന്നിവയും കിഡ്സ് സോൺ, വിനോദ മത്സരങ്ങൾ, റാഫിൾ ഡ്രോ, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. അഞ്ച് പവൻ സ്വർണനാണയങ്ങൾ അടക്കം നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ, ജനറൽ കൺവീനർ സന്ദീപ് ജോർജ്, ട്രസ്റ്റി ഷിബി പോൾ, വൈസ് പ്രസിഡന്റ് ബിനു തോമസ്, മീഡിയ കൺവീനർ സൈജി പാപ്പച്ചൻ, ഫുഡ് കൺവീനർ ഷാജി എം. ജോർജ് എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള