കുവൈത്ത് അഹ്മദി പഴയപള്ളിയുടെ ആദ്യഫലപെരുന്നാൾ ആഘോഷിച്ചു
Wednesday, November 16, 2016 3:58 AM IST
കുവൈത്ത്: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫലപെരുന്നാൾ നവംബർ 11ന് വിശുദ്ധ കുർബാനക്കുശേഷം 11 മുതൽ അഹ്മദി പാക്കിസ്‌ഥാൻ അക്കാഡമി സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു.

പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് മുഖ്യസന്ദേശം നൽകി. ഇടവക വികാരി ഫാ. അനിൽ വർഗീസ് അധ്യക്ഷത വഹിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റ് ജനറൽ കൺവീനർ സൈമൺ ജോൺ, ഇടവക വികാരി ഫാ.അനിൽ വർഗീസ്, അഡ്മിനിസ്ട്രേറ്റീവ് വികാരി ഫാ.രാജു തോമസ്, കുവൈത്ത് സെന്റ് ബേസിൽ ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, കെഇസിഎഫ് പ്രസിഡന്റ് ഫാ. സജി ഏബ്രഹാം, മുഖ്യ സ്പോൺസർ ഡോ. അഹമ്മദ് റഷീദ് ഹാറൂൺ, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി ഏബ്രഹാം, സി.സി. സാബു, ഇടവക ട്രസ്റ്റി ബെന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇടവക സെക്രട്ടറി അനു പടത്തറ, കുവൈത്ത് സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.സഞ്ജു ജോൺ, കുവൈത്ത് മഹാ ഇടവക സഹവികാരി ഫാ. ജേക്കബ് തോമസ്, ഇടുക്കി ഭദ്രസനാംഗം ഫാ. പി.സി. വർഗീസ്, മലബാർ ഭദ്രാസനാംഗം ഫാ.ഗീവർഗീസ് ജോൺ, ഫാ.തോമസ് പുരയ്ക്കൽ, ഇതര സഭ ഇടവകകളിലെ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആദ്യഫലപെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ, കൺവീനർ രാജു അലക്സാണ്ടറിൽ നിന്നും ഏറ്റുവാങ്ങി ഡോ.സക്കറിയ മാർ തെയോഫിലോസ് പ്രകാശനം ചെയ്തു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളും പ്രാർത്ഥനായോഗങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര, വിവിധ ആത്മീയസംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, സംഘാടക സമിതി അവതരിപ്പിച്ച ‘മരുഭൂമിയിലെ മൈലാപ്പൂർ’ എന്ന വീഡിയോ സമാഹാരം, അറബിക്*ഡാൻസ് ‘തനൂറ’, നാടൻ രുചിക്കൂട്ടുകൾ അടങ്ങിയ വിവിധ ഭക്ഷണ ശാലകൾ, പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സന, വിദ്യാശങ്കർ, നൗഫൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള, പ്രശസ്ത താരം കലാഭവൻ സതീഷ് അവതരിപ്പിച്ച കോമഡിഷോ എന്നിവ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ മുഖ്യ ആകർഷണങ്ങളായി. തുടർന്ന് സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പും നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ