ട്രംപിനു കീഴിലെ വൈറ്റ് ഹൗസ്
Tuesday, November 15, 2016 9:04 AM IST
വാഷിംഗ്ടൺ: പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് കീഴിൽ വൈറ്റ് ഹൗസ് എങ്ങനെ ആയിരിക്കും ഭരണം എങ്ങനെ രൂപാന്തരപ്പെടും എന്ന് പലതരം ഊഹാപോഹങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ എന്ന നിലയിൽ ഒരു കെട്ടിടത്തിൽ പാറക്കല്ല് എടുത്തുവച്ചോ കോൺക്രീറ്റ് മിശ്രിതം ഒഴിച്ചോ അനുഭവ സമ്പത്ത് ട്രംപിനില്ല. എന്നാൽ ഓരോ കെട്ടിടത്തിന്റെയും ഡോർ നോബ് മുതൽ എല്ലാം സ്വയം പരിശോധിച്ച് സ്വയം തൃപ്തനാവാൻ തല്പരനായിരുന്നു ട്രംപ്. സ്വതസിദ്ധമായ വിവേചനത്തിലും വളരെ അടുത്ത സുഹൃദ് വലയത്തിലും വിശ്വാസം അർപ്പിച്ച് മുന്നേറി. പലപ്പോഴും പലരുടെയും ഉപദേശം സ്വീകരിച്ചില്ല എന്ന പരാതി നിലനിർത്തി വിജയം കൈവരിച്ചു.

ഇപ്പോൾ ട്രംപിന് എല്ലാ അധികാരവും എല്ലാ ശക്‌തിയുമുണ്ട്. പ്രത്യേക സൈനിക ബലം മുതൽ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വരെ ഇത്രയും കുറവ് ഭരണ പരിചയമോ പരിചയമോ ഇല്ലാതെ ഒരു കമാൻഡർ ഇൻ ചീഫ് അധികാരമേല്ക്കുക അപൂർവമാണ്. ഒരു മാസ്റ്റർ ഷോമാനായും ജനങ്ങളുടെ വികാരം അനുസരിച്ച് പെരുമാറാൻ കഴിയുന്ന വ്യക്‌തിയായും ബില്യണുകളുടെ വ്യവസായ കരാറുകൾ സൃഷ്‌ടിക്കുവാൻ കഴിയുന്ന വ്യവസായിയായും ട്രംപ് തിളങ്ങിയിട്ടുണ്ട്.

2017 ജനുവരിയിലാണ് ട്രംപ് ഔദ്യോഗികമായി അധികാരത്തിലേറുക. ഈ അവസ്‌ഥാന്തരനാളുകളിൽ പരിവർത്തന പ്രക്രിയ നിർവഹിക്കുവാൻ ട്രംപ് രൂപീകരിച്ച സമിതിയുടെ തലവൻ നിയുക്‌ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ്. വാഷിംഗ്ടനിലെ അകത്തളക്കാരുടെ ചെളിക്കുണ്ട് വൃത്തിയാക്കും എന്ന വാഗ്വാദത്തിൽ അധികാരത്തിലെത്തിയ ട്രംപിന്റെ ട്രാൻസിഷൻ ടീമിൽ രാഷ്ര്‌ടീയ അനുഭവ സമ്പത്തുളളവർ ധാരാളമുണ്ട്.

ഇവർക്കുപുറമെ ട്രംപിന്റെ പ്രായപൂർത്തിയായ മൂന്നു മക്കൾ: ഡോൺ ജൂണിയർ, എറിക്, ഇവാങ്ക ഇവരും ഇവാങ്കയുടെ ഭർത്താവ് ജാരേഡ് കുഷ്നറുമുണ്ട്. ട്രംപിന്റെ പ്രചാരണത്തിൽ കുഷ്നർ നിർണായക പങ്ക് വഹിച്ചിരുന്നു. പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുക ട്രംപിന്റെ നയമാണ്. റിയാലിറ്റി ഷോകൾ വലിയ ഉദാഹരണങ്ങളാണ്. ട്രാൻസിഷൻ ടീമിൽ 4,000 ഒഴിവുകളുണ്ടാവുമെന്നാണ് കരുതുന്നത്. ഉന്നത കാബിനറ്റ് പദവികളും ഇവയിൽ ഉൾപ്പെടും. സെനറ്റിന്റെ സ്‌ഥിരപ്പെടുത്തൽ ആവശ്യമായ 1,200 പദവികൾ വേറെയാണ്. ഇവയിൽ ഏജൻസി തലവന്മാരുടെയും അംബാസഡറന്മാരുടെയും തസ്തികകളും ഉണ്ട്.

പാർട്ടി സംവിധാനത്തിന്റെ തീവ്രമായ പ്രതിഷേധവും ചെറുത്തുനില്പും അതിജീവിച്ച് അധികാരത്തിലെത്തിയതിനാൽ ട്രംപിന്റെ ജോലി സങ്കീർണമായിരിക്കും. ഓരോ ഒഴിവ് നികത്തുമ്പോഴും പാർട്ടിയിൽ മുറുമുറുപ്പ് ഉണ്ടായി എന്നുവരാം. ഗ്രാൻഡ് ഓൾഡ്(റിപ്പബ്ലിക്കൻ) പാർട്ടിയുടെ വിദേശനയ സംവിധാനത്തിലെ പകുതി നേതാക്കകളും ട്രംപ് നോമിനിയായതിനുശേഷവും പരസ്യമായി അദ്ദേഹത്തെ എതിർത്തു. ഇവരിൽ സിഐഎയിൽ ഉണ്ടായിരുന്നവരും യുഎൻ അംബാസഡറായിരുന്നവരും ഉണ്ട്. ഇവരിൽ ചിലർ തങ്ങളുടെ പഴയ നിലപാടുകൾ മാറ്റി ട്രംപിന് കീഴിൽ പ്രവർത്തിക്കുവാൻ തയാറായാലും ട്രംപ് ഇവരെ സ്വീകരിച്ചേക്കില്ല.

രണ്ടായിരാമാണ്ടിൽ ജോർജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായപ്പോൾ വൈറ്റ് ഹൗസിന്റെ അന്തസും അഭിമാനവും തിരിച്ചുകൊണ്ടു വരുമെന്ന് പറഞ്ഞു. ഇംപീച്ച്മെന്റ് വരെയെത്തിയ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭരണവും ലൈംഗിക ആരോപണങ്ങളുമാണ് ബുഷ് ജൂണിയർ പരോക്ഷമായി പരാമർശിച്ചത്. പ്രസിഡന്റായിരിക്കുമ്പോൾ ബുഷ് ജൂണിയർ ഓവൽ ഓഫീസിൽ കോട്ട്, ടൈ ഡ്രഗ് കോഡ് നിർബന്ധമാക്കി. ട്രംപ് ഒരു ഗുരുത്വാകർഷണ കേന്ദ്രമായി മാറുമോ വൈറ്റ് ഹൗസിൽ മൈക്രോ മാനേജ്മെന്റ് നടപ്പിലാക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ട്രംപിന്റെ കാമ്പയിൻ മാനേജരായിരുന്ന കെല്ലി ആൻ കോൺവേയ്ക്ക് ഒരു ഉന്നത പദവി ലഭിക്കുമെന്ന് പലരും കരുതുന്നു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് കോൺവേ പറയുന്നു.

റിപ്പോർട്ട്: ഏബ്രഹാം തോമസ്