പ്രമേഹം നിയന്ത്രിക്കുക: ഡോ. അമൽ കോണിക്കുഴിയിൽ
Tuesday, November 15, 2016 9:03 AM IST
ദോഹ: ഇരുമ്പിന് തുരുമ്പു വരുന്നതുപോലെ ശരീരത്തെ കാർന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് പ്രമേഹമെന്നും ശാരീരിക വ്യായാമങ്ങളും ഭക്ഷണക്രമങ്ങളുംകൊണ്ട് പ്രമേഹം നിയന്ത്രിക്കണമെന്നും ഇമാറ ഹെൽത്ത് കെയറിലെ ഡോ. അമൽ കോണിക്കുഴിയിൽ അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളുമാണ് പ്രമേഹം വ്യാപിക്കുവാൻ പ്രധാന കാരണം. ഓരോരുത്തരും തന്റെ പ്രമേഹത്തെക്കുറിച്ച് മനസിലാക്കുകയും സാധ്യമാകുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം. പ്രമേഹം അനിയന്ത്രിതമായാൽ കാഴ്ചയേയും കിഡ്നിയേയും ഹൃദയത്തേയും ലൈംഗിക ശേഷിയേയുമൊക്കെ ബാധിക്കുകയും സാധാരണ ജീവിതം അസാധ്യമാക്കുകയും ചെയ്യും. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ നിത്യവും കുറച്ച് സമയമെങ്കിലും ശാരീരിക വ്യായാമങ്ങൾക്കായി നീക്കിവയ്ക്കുക, പഴങ്ങളും പച്ചക്കറികളും സലാഡുകളും വർധിപ്പിക്കുക, മാംസാഹാരം ആവശ്യത്തിന് മാത്രമാക്കുക, കൃത്രിമമായ പഞ്ചസാരയുടെ ഉപഭോഗം പരമാവധി കുറയ്ക്കുക, എണ്ണയിൽ വറുത്ത വിഭവങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ ഓരോരുത്തരും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രോഗം വന്നു കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശാനുസരണം മരുന്നും ഭക്ഷണവും വ്യായാമമുറകളും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഈസ്റ്റേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ കെ.സി. ബൈജു, ഹമ്മർ ആൻഡ് ഹാൻഡ് ട്രേഡിംഗ് ജനറൽ മാനേജർ വിനോദ് ഏബ്രഹാം, ഇമാറ ഹെൽത്ത് കെയർ സിഇഒ അബ്ദുൽ ഹകീം എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എം. കബീർ, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ മുഹമ്മദുണ്ണി ഒളകര, സ്കിൽസ് ഡവലപ്മെന്റ് മാനേജിംഗ് ഡയറക്ടർ പി.എൻ. ബാബു രാജൻ, വിറ്റാമിൻ പാലസ് റീജണൽ ഡയറക്ടർ അബൂബക്കർ സിദ്ധീഖ്, ഡോൾഫിൻ ട്രേഡിംഗ് ആന്റ് ലോജിസ്റ്റിക് മാനേജർ എല്യാസ് ജേക്കബ്, ഷൈനി കബീർ എന്നിവർ പ്രസംഗിച്ചു.

മുഹമ്മദ് റഫീഖ് തങ്കയത്തിൽ, അഫ്സൽ കിളയിൽ, സി.കെ. റാഹേൽ, സിയാഹു റഹ്മാൻ മങ്കട, ഖാജാ ഹുസൈൻ, ജോജിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.