ജിംഫെസ്റ്റ് സമാപിച്ചു
Tuesday, November 15, 2016 9:03 AM IST
ജിദ്ദ: ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച കുടുംബ സംഗമം ‘ജിം ഫെസ്റ്റ് 2016’ റഹേലി വില്ലയിൽ അരങ്ങേറി. അറുപതിന്റെ നിറവിൽ കേരളം എന്ന ആശയത്തിൽ നടന്ന പരിപാടിയിൽ മുഴുവൻ മാധ്യമ പ്രവർത്തകരും പരമ്പരാഗത കേരള വസ്ത്രങ്ങളണിഞ്ഞാണ് പരിപാടിയിൽ പങ്കെടുത്തത്. രാത്രി ഒമ്പതിന് കുട്ടികളുടെ കലാകായിക മത്സരങ്ങളോടെ ആരംഭിച്ച് പുലർച്ചെ ആറിന് വടംവലി മത്സരത്തോടെ സമാപിച്ച പരിപാടിയുടെ സംഘാടകരും അവതാരകരും ആസ്വാദകരും മാധ്യമ പ്രവർത്തകർ മാത്രമായിരുന്നു.

സംഗമം പ്രസിഡന്റ് ജാഫർ അലി പാലക്കോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ വണ്ടൂർ അധ്യക്ഷത വഹിച്ചു. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. ജലീൽ കണ്ണമംഗലം അവതരിപ്പിച്ച മനപ്പൊരുത്തം, സി.കെ. ശാക്കിർ അവതരിപ്പിച്ച മാപ്പിളപ്പാട്ട് പാടലും പറയലും, കെ.ടി. മുനീറിന്റെ ഇൻസ്റ്റന്റ് ആക്ഷൻ, നാസർ കാരക്കുന്നിന്റെ റിവേഴ്സ് ക്വിസ്, കബീർ കൊണ്ടോട്ടി നേതൃത്വം നൽകിയ കേരളം അറുപതിന്റെ നിറവിൽ പ്രശ്നോത്തരി, നാസർ കരുളായി, ഷംസുദ്ദീൻ കോഴിക്കോട് എന്നിവർ അവതരിപ്പിച്ച ഐഡന്റി ഫൈ ദി നെയിം, സുൽഫിക്കർ ഒതായിയുടെ മാജിക്ക് ഷോ, ബേബി സഫ്വാ കബീർ അവതരിപ്പിച്ച നൃത്തം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരുന്നു.

ശരീഫ് സാഗർ, ബഷീർ തൊട്ടിയൻ, ശിവൻപിള്ള എന്നിവർ ഒരുക്കിയ പ്രവാസത്തേയും മാധ്യമ പ്രവർത്തനത്തേയും ആക്ഷേപ ഹാസ്യത്തിൽ കോർത്തിണക്കിയ ഓട്ടം തുള്ളൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ചെറുകഥ ‘വരട്ടുചൊറി’ എന്നതിനെ ആസ്പദമാക്കിയുണ്ടാക്കിയ നാടകം, കോമഡിസ്കിറ്റ്, അബ്ദുറഹ്മാൻ വണ്ടൂർ അവതരിപ്പിച്ച ഉമ്മ എന്ന സംഗീതശില്പം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സാദിഖലി തുവൂർ, നിയ സാദിഖലി തുവൂർ, കെ.ടി. മുസ്തഫ, സി.കെ. മൊറയൂർ, അലാദിൻ നാസർ, സലീന സുൾഫിക്കർ എന്നിവർ ഗാനങ്ങളാലപിച്ചു.

കപ്പ് കൊട്ടാരം, ലെമൺ സ്പൂൺ, ബലൂൺ നിറക്കൽ, ബലൂൺ പൊട്ടിക്കൽ, ബോട്ടിൽ ഫില്ലിംഗ് തുടങ്ങിയ മത്സരങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയിരുന്നത്. മൂസക്കുട്ടി വെട്ടികാട്ടീരി, നിഷാദ് അമീൻ, പി.കെ. സിറാജുദ്ദീൻ, എ.കെ. ജിഹാദുദ്ദീൻ, ലിയാസ് മഞ്ചേരി, ഇ.എം. ഹനീഫ എന്നിവർ സമ്മാനവിതരണം നടത്തി. പരിപാടിയുടെ കോഓർഡിനേറ്റർമാരായ സി.കെ. മൊറയൂർ, നാസർ കരുളായി എന്നിവർ നിർദ്ദേശങ്ങൾ നൽകി. ബഷീർ തൊട്ടിയൻ, കബീർ കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ