ഷിക്കാഗോയിൽ സഭാഐക്യ ദിനം ആചരിച്ചു
Monday, November 14, 2016 6:45 AM IST
ഷിക്കാഗോ: സഭകൾ തമ്മിലുളള ബന്ധം ശക്‌തിപ്പെടുത്താനും ക്രിസ്തുവിൽ ഏവരും ഒന്നാണെന്നുളള സന്ദേശം വിശ്വാസികളുടെ മനസിൽ ഊട്ടിയുറപ്പിക്കുന്നതിനുമായി മാർത്തോമ–സിഎസ്ഐ– സിഎൻഐ സഭകൾ വേർതിരിച്ചിരിക്കുന്ന സഭാഐക്യ ദിനം ഷിക്കാഗോയിൽ സമുചിതമായി ആചരിച്ചു.

നവംബർ രണ്ടാം ഞായറാഴ്ച്ച ഷിക്കാഗോ മാർത്തോമ ഇടവക വികാരി റവ. എബ്രഹാം സ്കറിയ മാർത്തോമ വിശുദ്ധ കുർബാന ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലും ഷിക്കാഗോ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് വികാരി റവ. ജോൺ മത്തായി സിഎസ്ഐ വിശുദ്ധ കുർബാന ഷിക്കാഗോ മാർത്തോമ ദേവാലയത്തിലും അർപ്പിച്ചു.

ഇരു സഭകളിലേയും വിശ്വാസ സമൂഹത്തിന് ആത്മീയ അനുഗ്രഹം ചൊരിഞ്ഞ ആരാധനയിലൂടെ ഐക്യത്തിന്റെയും പരസ്പര സാഹോദര്യ ബന്ധത്തിന്റെയും ദർശനങ്ങളെ സമ്മാനിച്ചു. വൈവിധ്യങ്ങളിലൂടെ ജീവിതം കടന്നുപോകുമ്പോഴും ആരാധനയിലൂടെ സൃഷ്‌ടാവായ ദൈവത്തോട് ഏകീഭവിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുന്ന സഭാഐക്യ ദിനം എക്യുമെനിക്കൽ ദർശനങ്ങൾക്ക് കൂടുതൽ ശക്‌തി പകരുന്നതായി മാറി. ആരാധനമധ്യേ ഇരു വൈദികരും സഭാഐക്യത്തിന്റെ കാതലായ മർമങ്ങളെ പ്രസ്താവിക്കുന്ന തിരുവചന സന്ദേശങ്ങൾ അടങ്ങിയ സന്ദേശം നൽകി.

റിപ്പോർട്ട്: ബെന്നി പരിമണം