അഹ്ലാം ജിദ്ദ പ്രവാസി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
Monday, November 14, 2016 6:41 AM IST
ജിദ്ദ: ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ അഹ്ലാം ജിദ്ദ പുറത്തിറക്കുന്ന പ്രവാസി പ്രിവിലേജ് കാർഡ് ശറഫിയ അൽ റയാൻ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ മുഹമദ് ഇഖ്ബാൽ വിതരണോദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദതയിൽ ഊന്നി നിൽകുന്ന എതൊരു സംരംഭങ്ങളും വിജയം കണ്ടിട്ടുണ്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും നോർക്ക റൂട്സിന്റെ തിരിച്ചറിയൽ കാർഡ് എടുക്കുന്നത്. പ്രവാസികൾക്ക് പെൻഷൻ നൽകുന്നു എന്ന പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുകയാണ് പ്രവാസി ക്ഷേമ ബോർഡ് ചെയ്യുന്നത്. പ്രവാസിക്ക് 60 വയസിനുശേഷം പെൻഷൻ 1000 രൂപ കിട്ടാൻ, ഇരുപത്തിരണ്ടാം വയസിൽ വിദേശത്ത് ജോലിക്കു വന്ന ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം 38 വർഷം പ്രതിമാസം 300 രൂപ അടച്ചു 60 വയസുവരെ ഏകദേശം 1,36,800 (ഒരു ലക്ഷത്തി മുപ്പത്തി ആറു) രൂപ അടയ്ക്കണം. അടച്ചയാൾക്ക് അതിൽ നിന്നു ഒരു രൂപ പോലും തിരിച്ചു കൊടുക്കുന്നില്ല എന്നു മാത്രമല്ല ഇടയ്ക്ക് വച്ച് നിർത്തിയാൽ അതുവരെ അടച്ച പൈസയോ അനുകൂല്യങ്ങളോ ലഭിക്കില്ല. ഈ 1000 രൂപ 5000 ആക്കുമെന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്രചരിച്ചതുമൂലമാണ് നോർക്ക റൂട്സിന്റെ തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനു ഇപ്പോൾ പ്രവാസികൾ മുന്നോട്ടു വരുന്നത്. നോർക്ക റൂട്സിന്റെ തിരിച്ചറിയൽ കാർഡ് എടുത്തവർക്ക് തൊഴിൽനഷ്‌ടമായി നാട്ടിൽ എത്തിയ മുതൽ പെൻഷൻ അനുവദിക്കണമെന്ന് അധ്യക്ഷൻ ഹനീഫ ഇയ്യം മടക്കൽ പറഞ്ഞു. നോർക്ക റൂട്സിന്റെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ഫവാസ് തങ്ങൾ, കെ.ടി. ഹുസൈനു കൈമാറി.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസികൾക്കു മാത്രമേ കഴിയുന്നുള്ളൂ എന്നതുകൊണ്ടാണ് അഹലാം ജിദ്ദയുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ സംരംഭമാണ് പ്രവാസി പ്രിവിലേജ് കാർഡ്. ഇതിലൂടെ പ്രവാസികൾക്ക് വിദേശത്തും സ്വദേശത്തും നിശ്ചിത സൂപ്പർമാർക്കറ്റുകൾ,ഹോസ്പിറ്റലുകൾ,ഹോട്ടലുകൾ, ജ്വല്ലറികൾ, ഇലക്ടോണിക് ആൻഡ് കംപ്യൂട്ടർ ഷോപ്പുകൾ, ട്രാവൽസുകൾ, കാർഗോ സർവീസുകൾ മുതലായവയിൽ നിന്ന് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കുകയും നാട്ടിൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും. അഹലാം മെംബർമാർക്ക് സൗജന്യമായിട്ടാണ് പ്രവാസി പ്രിവിലേജ് കാർഡ് വിതരണം ചെയ്യുന്നത്. പ്രവാസി പ്രിവിലേജ് കാർഡിന് www.ahlamonline.com എന്ന വെബ് സൈറ്റിലോ 0536770500 എന്ന വാട്സ്ആപ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ വർഷത്തെ ഏഷ്യാവിഷൻ അവാർഡ് ലഭിച്ച ജലീൽ കണ്ണമംഗലത്തിന് ജമാൽ മങ്കട മൊമെന്റോ സമ്മാനിച്ചു. സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന വിഷയത്തിൽ അമീർഷ ക്ലാസെടുത്തു. ശുഹൈബ്, മജീദ് മങ്കട, റഫീഖ് ചെറുശേരി, എൻജിനിയർ ഷിയാസ്, നാസർ വേങ്ങര എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ