സംസ്കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം സബീന എം. സാലിക്ക്
Monday, November 14, 2016 6:33 AM IST
ദോഹ: സംസ്കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്കാരം സബീന എം. സാലിക്ക്. ‘മയിൽ ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്’ എന്ന ചെറുകഥയാണ് അവാർഡിന് അർഹമായത്. അരലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. നവംബർ 17 ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന അവാർഡ് സമർപ്പണ പരിപാടിയിൽ ജൂറി അധ്യക്ഷ ഡോ. ഖദീജ മുംതാസ് പുരസ്കാരം സമ്മാനിക്കും.

ആലുവ സ്വദേശിനിയായ സബീന സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

ജിസിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യുഎഇ, സൗദി, കുവൈത്ത്, ബഹറിൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിൽ നിന്നുമായി 60 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.

പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

എറണാകുളം മഹാരാജാസ് കോളജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും കരുനാഗപ്പിള്ളി ഐഷ മജീദ് കോളജിൽ നിന്ന് ഡി ഫാമും കരസ്‌ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദിലെ പനിനീർപൂക്കൾ, വാക്കിനുള്ളിലെ ദൈവം എന്നീ കവിതാ സമാഹാരങ്ങളും കന്യാവിനോദം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്കാരങ്ങളും റിയ നെസ്റ്റോ കഥാ പുരസ്കാരവും, ടി.വി. കൊച്ചുബാവ പുരസ്കാരവും മികച്ച ലേഖനങ്ങൾക്കുള്ള ജനശ്രീ, കെഎംസിസി, ഫ്രണ്ട്സ് ക്രിയേഷൻസ്, കേളി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2016 ലെ പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് കന്യാവിനോദത്തിനു ലഭിക്കുകയുണ്ടായി. ഇപ്പോൾ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ഭർത്താവ്: മുഹമ്മദ് സാലി. മക്കൾ: ബിലാൽ, ആസിയ.

വാർത്താസമ്മേളനത്തിൽ പുരസ്കാര സമിതി കൺവീനർ ഇ.എം. സുധീർ, സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ, ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, മുൻ ജനറൽ സെക്രട്ടറിമാരായ സമീർ സിദ്ധിഖ്, പി.എൻ. ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.