മാഗ് തെരഞ്ഞെടുപ്പ് ഡിസംബർ പത്തിന്, ജോഷ്വ ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷണർ
Sunday, November 13, 2016 11:26 PM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ (മാഗ്) തെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെ നടത്തുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് എബ്രഹാം ഈപ്പൻ അറിയിച്ചു.

മാഗ് മുൻ പ്രസിഡന്റ് ജോഷ്വ ജോർജിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗം തെരഞ്ഞെടുത്തു. മാഗിന്റെന മുൻ പ്രസിഡന്റുമാരായ ടി.എൻ. സാമുവേൽ, തോമസ് ഒലിയാംകുന്നേൽ എന്നിവരടങ്ങുന്ന ഇലക്ഷൻ കമ്മറ്റി തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകുന്നതാണ്.

അസോസിയേഷന്റെ പ്രാഥമിക അംഗത്വപട്ടിക മാഗ് വെബ്സൈറ്റ് www.magh.us ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ തെറ്റുകൾ തിരുത്തുവാനുള്ള അവസാന സമയം നവംബർ 26 ശനിയാഴ്ച വൈകുന്നേരം നാലു വരെയാണ്. വോട്ടേഴ്സ് ലിസ്റ്റിന്റെ തെറ്റുകൾ ഇലക്ഷൻ കമ്മറ്റിയംഗങ്ങളെയോ ബോർഡ് ഓഫ് ഡയറക്ടർമാരെയോ അവസാന തീയതിക്കു മുൻപ് അറിയിക്കേണ്ടതാണ്. നോമിനേഷനുകൾ നവംബർ 26–നു ശനിയാഴ്ച വൈകുന്നരം നാലുവരെ സ്വീകരിക്കുന്നതാണ്. നോമിനേഷനുകൾ പിൻവലിക്കാൻ ഡിസംബർ മൂന്നിനു ശനിയാഴ്ച വരെ അവസരമുണ്ടയിരിക്കും. അന്നുതന്നെ നോമിനേഷനുകളുടെ സൂക്ഷ്മ പരിശോധനയും നടക്കും.

പ്രസിഡന്റ്, രണ്ടു വനിതാ അംഗങ്ങൾ, ഒരു യൂത്ത് പ്രതിനിധി (35 വയസ്സിൽ താഴെ), 11 ബോർഡ് അംഗങ്ങൾ, രണ്ട് ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ എന്നീ സ്‌ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുക. വിശദവിവരങ്ങൾക്ക് മാഗ് വെബ്സൈറ്റ് www.magh.us സന്ദർശിക്കുക.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ