സൗദിയിൽ ഹവാല പണമിടപാടു നടത്തിയ പതിനെട്ട് ഇന്ത്യക്കാരുൾപ്പെട്ട സംഘത്തിനു ശിക്ഷ
Sunday, November 13, 2016 3:53 AM IST
ദമാം: സൗദിയിൽ ഹവാല പണമിടപാടു നടത്തിയ പതിനെട്ട് ഇന്ത്യക്കാരുൾപ്പെട്ട സംഘത്തിനു ശിക്ഷ വിധിച്ചു. മധ്യപൂർവേഷ്യയിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസായി പരിഗണിച്ചാണ് ഇന്ത്യക്കാരുൾപ്പെട്ട ഹവാല പണമിടപാട് സംഘത്തിനു തടവും നാടുകടത്തലും ശിക്ഷ വിധിച്ചുകൊണ്ട് റിയാദിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

36 ബില്ല്യൻ റിയാലിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 33 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവർക്ക് ആറു മാസം മുതൽ 15 വർഷം വരെയാണ് തടവ് വിധിച്ചിട്ടുള്ളത്. ഇവരിൽ 18 പേർ ഇന്ത്യക്കാരാണ്. സംഘത്തിൽ പെട്ട മറ്റുള്ളവർ സ്വദേശികളാണ്.

സ്വദേശികൾക്കു ശിക്ഷ കഴിഞ്ഞാലും രാജ്യത്തിനു പുറത്തുപോകുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹവാല ഇടപാടിനു പദ്ധതി തയാറാക്കിയ വ്യക്‌തിയും ഒത്താശ ചെയ്തവരുമല്ലാം ശിക്ഷിക്കപെട്ടവരിൽ ഉൾപ്പെടും. ഒരു ബാങ്കിൽ ജോലി ചെയ്തിരുന്ന രണ്ട് സ്വദേശികളാണ് പണം വെളുപ്പിക്കുന്നതിനു ഒത്താശ ചെയ്തു കൊടുത്തിരുന്നത്.

അതേസമയം വ്യക്‌തമായ തെളിവില്ലാത്തതിനാൽ പിടിക്കപ്പെട്ട രണ്ട് ഈജിപ്തുകാരേയം ഒരു സുഡാനിയേയും കോടതി വെറുതെവിട്ടു. ഹവാല പണമിടപാടുമായി ബന്ധപ്പെട്ടു മലയാളികളുൾപ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസം ജിദ്ദയിലും പിടികൂടിയിരുന്നു. ഇവർക്കെതിരെയുള്ള അന്വേഷണവും നടന്നുവരുകയാണ്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം