കല (ആർട്ട്) കുവൈത്ത് ‘നിറം 2016’ ചിത്രരചനമത്സരം 2300–ൽ അധികം കുട്ടികൾ പങ്കെടുത്തു
Sunday, November 13, 2016 3:53 AM IST
കുവൈത്ത്: തുടർച്ചയായ പന്ത്രണ്ടാം വർഷവും ചായങ്ങളുടെ വർണവിസ്മയം സമ്മാനിച്ചു കൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈത്തിൽ ചരിത്രം കുറിച്ചു. ജിസിസിയിലെ തന്നെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ ‘നിറം 2016‘ ൽ എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലായി 2300ൽ അധികം കുട്ടികൾ പങ്കെടുത്തു.

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 127–ാം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല (ആർട്ട്) കുവൈത്ത് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ. കെ. ശ്രീവാസ്തവ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കല(ആർട്ട്) കുവൈത്ത് പ്രസിഡന്റ് ജൈസൺ ജോസഫ് ജനറൽ സെക്രട്ടറി രാഗേഷ് പി. ഡി, പ്രോഗ്രാം ജനറൽ കൺവീനർ സുനിൽ കുമാർ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ശിര്ശാദ്, അമേരിക്കൻ ടൂറിസ്റ്റർ മാനേജർ സുജോ ഫ്രാൻസിസ്, വിവിധ സംഘടനസാംസ്കാരിക പ്രവർത്തകരായ സുരേഷ് മാത്തൂർ, ഇഖ്ബാൽ കുട്ടമംഗലം, ഡോ. ജോൺ ആർട്, അനിയൻകുഞ്ഞു സാമുവൽ, മുഹമ്മദ് റിയാസ്, ചെസിൽ രാമപുരം, കെ. ജെ. ജോൺ, സാബു പീറ്റർ, കല (ആർട്ട്) കുവൈറ്റ് ഭാരവാഹികളായ മോഹനൻ, കെ. സാദിഖ്, സാംകുട്ടി തോമസ്, ഹസ്സൻ കോയ, മുകേഷ് എന്നിവരും ഉത്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.



ശിശുദിനത്തോടനുബന്ധിച്ചു നവംബർ പതിനൊന്നിനു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്കുശേഷം രണ്ടിനു ആരംഭിച്ച മത്സരം വൈകുന്നേരം അഞ്ചോടെ അവസാനിച്ചു. ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു. ചിത്രരചന കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശില്പ നിർമ്മാണവും, സന്ദർശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പൈന്റിങ്ങും ഉണ്ടായിരുന്നു.

കല (ആർട്ട്) കുവൈത്തിന്റെ ആശ്വാസ് ചാരിറ്റി പദ്ധതിക്കുവേണ്ടി ആർട്ടിസ്റ്റുമാരായ ഷമീജ്കുമാർ, ഡോ. ഗീതാ രവീന്ദ്രൻ, നികേഷ് കരുണാകരൻ, അരുൺ, അന്വേഷാ ബിശ്വാസ് എന്നിവർ കാൻവാസിൽ ചിത്രം വരച്ചു സംഘടനക്ക് നൽകി.

ചിത്രകാരന്മാരായ ശശി കൃഷ്ണൻ, ജോൺ മാവേലിക്കര, ഷമ്മി ജോൺ, നികേഷ്, സുനിൽ എന്നിവർ മത്സരം നിയന്ത്രിച്ചു. കല(ആർട്ട്) കുവൈത്ത് എക്സിക്യൂട്ടീവ് മെംബേർസ് ശിവകുമാർ, അബൂബേക്കർ, രതിദാസ്, സമീർ, ജോണി, ബാബു, മുസ്തഫ, സന്തോഷ്, രേണുക, തസ്ലീന, അനീച്ച, എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ പരം വോളണ്ടിയേഴ്സ് പരിപാടിക്ക് നേതൃത്വം നല്കി. ഹസീന ഷറഫു കംപയിരിംഗ് നിർവഹിച്ചു.

സമ്മാനദാനം ഡിസംബർ 23നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വച്ചു നിർവഹിക്കും. റിസൾട്ട് ഡിസംബർ ഒന്നാംതീയതി ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്നു ഭാരവാഹികൾ അറിയിച്ചു. കൂടാതെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും ഫലം എത്തിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ മെരിറ്റ് സമ്മാനവും മൊത്തം പങ്കാളിത്തത്തിന്റെ പത്തു ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ