ദുബായ് കെഎംസിസി സർഗോൽസവം മലപ്പുറം ജില്ലയ്ക്ക് കിരീടം
Sunday, November 13, 2016 3:51 AM IST
ദുബായി: പ്രവാസ ജീവിതത്തിനിടയിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരം നൽകി ദുബായ് കെഎംസിസി സംഘടിപ്പിച്ച സർഗോത്സവം2016 ആവേശത്തിന്റെ ആരവമുയർത്തികൊണ്ട് സമാപിച്ചു. ഏറെ നാളത്തെ പരിശീലനത്തിനു ശേഷം മത്സരാർത്ഥികൾ ജില്ലാ അടിസ്‌ഥാനത്തിൽ അങ്കത്തിനിറങ്ങിയപ്പോൾ മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായി. വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ തുടങ്ങിയ മത്സരങ്ങളിൽ ഒൻപതു ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ 70 പോയന്റ് നേടി മലപ്പുറം ജില്ല ജേതാക്കളായി തൊട്ടടുത്തു ശക്‌തമായ വെല്ലുവളി ഉയർത്തി കോഴിക്കോട് ജില്ല 65 പോയന്റ് നേടി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയപ്പോൾ 53 പോയിന്റ് നേടി കണ്ണൂർ ജില്ല മൂന്നാം സ്‌ഥാനവും, തൃശൂർ ജില്ല നാലാം സ്‌ഥാനവും നേടി. ഓരോ മത്സരവും മികച്ച നിലവാരമാണ് പുലർത്തുന്നതെന്ന് വിധികർത്താക്കൾ അഭിപ്രായപെട്ടു. വ്യക്‌തിഗത മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നസീർ രാമന്തള്ളിയാണ് കലാ പ്രതിഭ.

ഗർഹൂദ് എൻ.ഐ മോഡൽ സ്കൂളിൽ നടക്കുന്ന കലാ മൽസരങ്ങളിൽ അഞ്ഞൂറിലധികം കലാ പ്രതിഭകളാണ് മാറ്റുരച്ചത്. സംസ്‌ഥാന സ്കൂൾ കലോത്സവത്തിന്റെ മാന്വൽ അടിസ്‌ഥാനമാക്കി നടത്തുന്ന മൽസരങ്ങൾ പ്രത്യേകം തയാറാക്കിയ അഞ്ച് വേദികളിലായി 25 ഇനങ്ങളിൽ ആണു മൽസരം നടന്നത്. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാ കായിക പരിപാടി കെഎംസിസി അംഗങ്ങളുടെ സർഗാത്മക കഴിവുകളെ പരിപോഷണം കൂടി ലക്ഷ്യമിട്ടാണ് ദുബായ് കെഎംസിസി സംഘടിപ്പികുന്നത്. പ്രഗൽഭരായ വിധികർത്താക്കൾ ആണ് മത്സരത്തിൻറെ വിധി നിർണയത്തിനായി നാട്ടിൽ നിന്ന് എത്തിയിരുന്നത്. കലാ രംഗത്ത് കഴിവും മികവുമുള്ള ഒത്തിരി പ്രതിഭകളെ പ്രവാസ ലോകത്ത് കണ്ടെത്താൻ ഇത്തരം പരിപാടിയിലൂടെ കെഎംസിസിക്ക് കഴിഞ്ഞതായി വിധികർത്താക്കൾ അഭിപ്രായപെട്ടു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയ്യിൽ