നജീബിനെ കണ്ടെത്തണം; ജനാധിപത്യം സംരക്ഷിക്കണം: യൂത്ത് ഇന്ത്യ
Sunday, November 13, 2016 3:51 AM IST
ജിദ്ദ: ജെഎൻയു വിദ്യാർത്ഥി നജീബിന്റെ തിരോധാനത്തിലെ ദുരൂഹതകൾ നീക്കി എത്രയും പെട്ടെന്നു കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു യൂത്ത് ഇന്ത്യ സെൻട്രൽ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിജീബിനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. നജീബ് എവിടെയെന്ന ചോദ്യത്തിന് മറുപടി ഇല്ലാത്ത ഭരണകർത്താക്കളും വിദ്യാർഥിയുടെ തിരോധാനത്തിൽ ഉത്കണ്ഠയില്ലാത്ത സർവ്വകലാശാല അധികൃതരും നിശബ്ദ അടിയന്തരാവസ്‌ഥക്ക് കൂട്ടുപിടിക്കുകയാണ്. രാജ്യ തലസ്‌ഥാനത്തെ പ്രസിദ്ധമായ കാമ്പസിൽ പോലും വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ കഴിയാത്ത രീതിയിൽ സർക്കാർ സംവിധാനങ്ങൾ മാറുന്നത് ആശങ്കയുണ്ടാക്കുന്നു.

നജീബിനെ കാമ്പസിൽ വെച്ച് ആക്രമിച്ച വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിന് അന്വേഷണോദ്യോഗസ്‌ഥർ ഇതുവരെ തുനിയാതിരിക്കുന്നത് കേസ് സംഘ്പരിവാരത്തിന്റെ താത്പര്യങ്ങൾക്കനുസൃതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം നൊന്തുപെറ്റ മകനെ കണ്ടെത്തിത്തരണമെന്ന ഒരുമ്മയുടെ ആവശ്യത്തെ കണ്ടില്ലെന്നു നടിക്കുകയും തങ്ങളുടെ സഹപാഠിയുടെ തിരോധാനത്തിൽ പ്രതിഷേധിച്ചു സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികളെയും നജീബിന്റെ കുടുംബത്തെയും ഭയപ്പെടുത്തി ന്യായമായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ലെന്ന് യൂത്ത് ഇന്ത്യ ഓർമപ്പെടുത്തി.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ