ട്രംപ് വൈറ്റ് ഹൗസിൽ, ഹിലരി വനത്തിൽ
Saturday, November 12, 2016 5:25 AM IST
ന്യൂയോർക്ക് : വിജയശ്രീലാളിതനായി ഡോണൾഡ് ട്രംപ്, പ്രസിഡന്റ് ഒബാമയുമായി വൈറ്റ് ഹൗസിൽ സുഹൃദ്സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഞെട്ടലിൽ നിന്നും അല്പം ആശ്വാസം തേടി ഹിലരി ക്ലിന്റൻ ചപ്പാക്ക് പാർക്കിൽ വളർത്തുനായയുമായി എത്തിയത്. ന്യൂയോർക്കിലെ വൃക്ഷ നിബിഡമായ ചപ്പാക്ക് പാർക്കിൽ പ്രസിഡന്റ് സ്‌ഥാനാർത്ഥി ഹിലരി ക്ലിന്റൻ പരാജയപ്പെട്ടതിന്റെ കദനഭാരവും പേറി ഹിലരിയുടെ ആരാധികയായ മാർഗറ്റ് ഗെർസ്റ്ററും അവിടെ എത്തി ചേർന്നു.

മാർഗറ്റ് ഗെർസ്റ്റർ വനത്തിൽ തന്റെ മകളുമൊത്ത് അല്പ സമയം ചിലവഴിച്ചശേഷം മടങ്ങുന്നതിനുളള ശ്രമത്തിലായിരുന്നു. പെട്ടെന്നാണു നായയുമായി ഹിലരി മുന്നിലെത്തിയത്. കണ്ണുകൾക്കുപോലും അവിശ്വസനീയമായ സംഭവം ഗെർസ്റ്റർ തന്നെയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിലരിക്കൊപ്പം ക്ലിന്റനും ഉണ്ടായിരുന്നു. ഹിലരിയുമായി മുഖാമുഖം കണ്ടുമുട്ടിയപ്പോൾ മനസ്സിലുയർന്ന ആഹ്ലാദത്തെ വർണിക്കുവാൻ പോലും വാക്കുകൾ ലഭിക്കുന്നില്ല എന്നും ഇവർ കുറിച്ചിരിക്കുന്നു.

ഹിലരി തന്റെ ആരാധികയും വോട്ടറുമായ ഗെർസ്റ്ററെ ഒട്ടും നിരാശപ്പെടുത്തിയില്ല. പരസ്പരം ആലിംഗനം ചെയ്യുന്നതിനും ഒരുമിച്ചു ഫോട്ടോ എടുക്കുന്നതിനും മകൾക്ക് ചുംബനം നൽകുന്നതിനും തയാറായി. ജീവിതത്തിലെ അനർഘ നിമിഷങ്ങളായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. തിര!ഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം ബുധനാഴ്ച അനുയായികളെ അഭിസംബോധന ആദ്യമായി പുറത്തു പ്രത്യക്ഷപ്പെട്ടതായിരുന്നു ഹിലറിയും ക്ലിന്റനും.

റിപ്പോർട്ട്: പി. പി. ചെറിയാൻ