കെഎച്ച്എൻഎ ഫ്ളോറിഡ മേഖല സംഗമം അവിസ്മരണീയമായി
Saturday, November 12, 2016 5:24 AM IST
ഫ്ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ മുന്നോടിയായി മയാമിയിൽ വച്ചു നടത്തിയ മേഖലാ ഹിന്ദു സംഗമം പ്രസിഡന്റ് സുരേന്ദ്രൻ നായർ ഉദ്ഘ്ടാനം ചെയ്തു. രാഷ്ട്രീയമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അനേകം നാട്ടുരാജ്യങ്ങളെ സാംസ്കാരികമായി സമന്വയിപ്പിച്ചിരുന്ന ഏകാത്മക ദർശനം ഭാരതത്തിന്റെ എക്കാലത്തേയും കരുതലും സന്ദേശവുമായിരുന്നെന്ന് പ്രസിഡന്റ് സുരേന്ദ്രൻ നായർ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഏവരേയും ഓർമ്മിപ്പിച്ചു. വിവിധങ്ങളായ ശൈവ, വൈഷ്ണവ, ശാസ്ത്രേയ വിഭാഗങ്ങളേയും പ്രാചീന ഗോത്രാചാരങ്ങളേയും പലതരം നാട്ടുക്കൂട്ടങ്ങളേയും അപൂർവ്വമായ അനുഷ്ഠാനങ്ങളേയും സമർത്ഥമായി സംയോജിപ്പിച്ചിരുന്ന ഏകാത്മക സങ്കൽപവും ബഹുസ്വരതയും നിരാകരിച്ച പാശ്ചാത്യ സംസ്കാരവും ഭൗതീകതയിലൂന്നിയ രാഷ്ട്രീയ പ്രവണതകളും സമൂഹത്തിലുണ്ടാക്കിയ ശിഥിലീകരണം സത്യസന്ധമായി വിലയിരുത്തുവാൻ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ ഗവേഷകരും തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗത്ത് ഫ്ളോറിഡ അസോസിയേഷൻ പ്രസിഡന്റ് സഞ്ചു എബിയുടെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ താമ്പ ഹിന്ദു മലയാളി അസോസിയേഷനായ ആത്മ, ഓർലാന്റോ ഹിന്ദു മലയാളീസ്, ജാക്സൺവില്ല ഭജൻ സംഘം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. സ്വാഗതസംഘം കൺവീനറും ഡയറക്ടർ ബോർഡ് അംഗവുമായ ഗോപൻ നായർ സ്വാഗതം ആശംസിക്കുകയും കെ.എച്ച്.എൻ.എ മുൻ പ്രസിഡന്റ് ആനന്ദൻ നിരവേൽ, മേഖലാ വൈസ് പ്രസിഡന്റ് ബിനീഷ് വിശ്വംഭരൻ എന്നിവർ പ്രസംഗിക്കുകയും ചെയ്തു.



തുടർന്നു നടന്ന ആദ്ധ്യാത്മിക സെമിനാറിൽ ‘വേദാന്തചിന്തയുടെ അഗാധ രഹസ്യങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. ധീര ചൈതന്യജി മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ ഡോ. ജയന്തി നായർ, കെ.എച്ച്.എൻ.എ വനിതാ വിഭാഗം കമ്മിറ്റി അംഗം അഞ്ജന കൃഷ്ണൻ എന്നിവരും സംസാരിച്ചു.

2017–ൽ ഡിട്രോയിറ്റിൽ നടക്കുന്ന ദേശീയ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും ചടങ്ങിൽ നടന്നു. മുൻ പ്രസിഡന്റ് ആനന്ദൻ നിരവേലിൽ നിന്ന് അപേക്ഷയും സംഭാവനയും സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് സുരേന്ദ്രൻ നായർ ശുഭാരംഭത്തിനു തുടക്കംകുറിച്ചു. 2017 സംഗമത്തിന്റെ പ്രസക്‌തിയും മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും മുൻ സെക്രട്ടറിയും ട്രസ്റ്റി മെമ്പറുമായ സുരേഷ് നായർ വിശദീകരിച്ചു. കൂടാതെ ബോർഡ് മെമ്പർ ഉണ്ണികൃഷ്ണൻ നായർ ആശംസാ പ്രസംഗം നടത്തി. സമ്മേളനത്തിൽ വ്യത്യസ്ത കലാപരിപാടികളും നടന്നു. സമാപനം കുറിച്ചുകൊണ്ട് തപസ്യ തീയേറ്റേഴ്സ് അവതരിപ്പിച്ച ‘അമ്മേ നാരായണ’ എന്ന നൃത്തസംഗീത നാടകം അവിസ്മരണീയമായിരുന്നു.

മോഹൻ നാരായണന്റെ നേതൃത്വത്തിൽ നടത്തിയ പാഞ്ചാരിമേളവും ചടങ്ങിനു കൊഴുപ്പേകി. കലാപിരാപടികൾക്കും മറ്റു പ്രവർത്തനങ്ങൾക്കും മേഖലാ കോർഡിനേറ്റർ നന്ദകുമാർ ചക്കിങ്കൽ, ബിനോയ് നാരായണൻ, സന്ധ്യാ പത്മകുമാർ, ഹരിലാൽ ശ്രീകുമാർ, റോഷ്ണി ബിനോയി, സൂരജ് ശശിധരൻ, ലക്ഷ്മി ചന്ദ്രൻ, വിനോദ് കുമാർ നായർ എന്നിവർ നേതൃത്വം നൽകി. പത്മകുമാർ ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം