ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസിന് ഉജ്‌ജ്വല തുടക്കം
Friday, November 11, 2016 6:53 AM IST
കൊളംബോ: വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ഗ്ലോബൽ കോൺഫറൻസ് ഉജ്‌ജ്വല തുടക്കം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നവംബർ 10ന് നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളിൽ നിന്നെത്തിയ കൗൺസിൽ പ്രതിനിധികളുടെയും ശ്രീലങ്കൻ മലയാളികളുടെയും പ്രമുഖ മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സംസ്‌ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഈടുറ്റ പ്രവർത്തന പാരമ്പര്യം കൊണ്ട് ആഗോള മലയാളികളുടെ ശ്രദ്ധയാകർഷിച്ച വേൾഡ് മലയാളി കൗൺസിലിന് 21 വയസായപ്പോൾ ചില ആഭ്യന്തര പ്രശ്നങ്ങളെ അതിജീവിച്ച് അതിശക്‌തമായി തിരിച്ചു വന്നിരിക്കുന്നത് കാണുമ്പോൾ മനസിൽ സന്തോഷം നിറയുന്നു. ശ്രീലങ്കയുടെ മണ്ണിൽ അരങ്ങേറുന്ന സമ്മേളനം സംസ്കാരങ്ങളുടെ ഒത്തുചേരലാണ്, സ്നേഹസമന്വയമാണ്. ഈ കൂട്ടായ്മ എന്തുകൊണ്ടും പ്രസക്‌തവുമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ ഇവിടെ ഒരുമയുടെ കാഹളമൂതി സംഗമിക്കുമ്പോൾ ഈ മഹാ പ്രസ്‌ഥാനത്തിന്റെ പ്രസക്‌തിയും അതിന്റെ ആർജവവും ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

പാർലമെന്റ് അംഗമായ റിച്ചാർഡ് ഹേ മുഖ്യ പ്രഭാഷണം നടത്തി. ലോകമെങ്ങുമുള്ള മലയാളികളുടെ കൂട്ടായ്മ ശക്‌തമാക്കാനും പുതു തലമുറകൾക്കിടയിൽ സൗഹൃവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും ഇത്തരം സമ്മേളനങ്ങൾക്ക് സാധിക്കുമെന്ന് റിച്ചാർഡ് ഹെ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ ലോക നേതാക്കളായ ഡോ. പി.എ ഇബ്രാഹിം ഹാജി, ജോളി തടത്തിൽ, ആൻഡ്രൂ പാപ്പച്ചൻ, അനോജ് കുമാർ, ബേബി മാത്യു സോമതീരം, അബ്ദുൾ കരീം, മാത്യു ജേക്കബ്, കൗൺസിൽ ജനറൽ സെക്രട്ടറി ജോസഫ് കിള്ളിയാൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് മൂസാ കോയ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൺ ട്രഷറർ ഷാജി വർഗീസ് എംസി ആയിരുന്നു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്