ഡബ്ല്യുഎംസി ബിസിനസ് മീറ്റ് ശ്രദ്ധേയമായി
Friday, November 11, 2016 6:52 AM IST
കൊളംബോ: നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ഗ്ലോബൽ കോൺഫറൻസിനോടുബന്ധിച്ച് നടന്ന ബിസിനസ് മീറ്റ് വിവിധ മേഖലകളിലെ പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

നവംബർ 10ന് നടന്ന ചടങ്ങിൽ കേരള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധമായ നയപരിപാടികളോടെ അധികാരത്തിലേറ്റ ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രവാസി മലയാളികളുടെ നിക്ഷേപത്തിന് എല്ലാവിധ സഹായം നൽകുമെന്നും കേരളത്തിന് നിക്ഷേപ സൗഹൃദ സംസ്‌ഥാനമായി അതിവേഗം വികസിക്കുവാൻ യാതൊരു തടസങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ദൗർലഭ്യവും ജനസാന്ദ്രതയും വികസനത്തിന് വിഘാതമാവുകയില്ലെന്നും വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ നിരവധി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും അവരുടെ പണത്തിന് എല്ലാവിധ ഉറപ്പുകളും നൽകുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരളത്തിൽ വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിന് മലയാളികളെ സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ കൂടുതൽ ജനകീയമാക്കണം. അവിടെ ഏതാണ്ട് 52 ഓളം സുഗന്ധ വ്യഞ്ജനങ്ങളുണ്ട്. ഇവയുടെ കൃഷി പൂർവാധികം ശക്‌തമാക്കി സുഗന്ധവ്യഞ്ജന വ്യവസായത്തെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ ടൂറിസം സാധ്യതകളും പൂർണമായും ചൂഷണം ചെയ്യുകയും വേണമെന്ന് തുടർന്നു സംസാരിച്ച പാർലമെന്റ് മെംബർ റിച്ചാർഡ് ഹെ അഭിപ്രായപ്പെട്ടു. 30ഓളം രാജ്യങ്ങളിൽ നിന്ന് വന്ന വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളുടെ ഈ സമ്മേളനം ഇത്തരം പ്രൊഡക്ടീവായ വിഷയങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ ഉത്തമ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്നു നടന്ന ചർച്ചകളിൽ ഡോ. പി.എ ഇബ്രാഹിം ഹാജി, ബേബി മാത്യു സോമതീരം, ജോർജ് കള്ളിവയലിൽ (ദീപിക), പി.പി. ശശീന്ദ്രൻ (മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ്), അഭിലാഷ് ജി നായർ (ഏഷ്യാനെറ്റ്), സന്തോഷ് ജോർജ് (മലയാള മനോരമ) തുടങ്ങിയവർ അഭിപ്രായങ്ങൾ പങ്കുവച്ചു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്