മരിച്ച സ്‌ഥാനാർഥിക്ക് തെരഞ്ഞെടുപ്പിൽ വൻ വിജയം
Friday, November 11, 2016 6:50 AM IST
ഓഷൻസൈഡ് (കലിഫോർണിയ): മരിച്ച സ്‌ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വൻ വിജയം. കലിഫോർണിയ ഓഷൻ സൈഡ് വോട്ടർമാരാണ് സെപ്റ്റംബർ 23ന് മരിച്ച ഗാരി ഏണസ്റ്റിനെ സിറ്റി ട്രഷററായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തത്.

പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു ഗാരിയുടെ മരണം. മരണത്തിനു മുൻപു തന്നെ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ ഗാരിയുടെ പേരും അച്ചടിച്ചു കഴിഞ്ഞിരുന്നു. മരിച്ച വിവരം അറിയാതെയാണ് വോട്ടർമാരിൽ 53 ശതമാനം പേർ ഗാരിക്ക് വോട്ട് ചെയ്തത്. ഗാരിയുടെ എതിർസ്‌ഥാനാർഥി സ്കോട്ടിന് 47 ശതമാനം വോട്ട് ലഭിച്ചു.

സിറ്റിയുടെ മുമ്പിൽ ഇനി രണ്ടു വഴികളാണുളളത്. ഗാരിക്കു പകരം ഒരാളെ നോമിനേറ്റ് ചെയ്യുക. അല്ലെങ്കിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തുക.

അതേസമയം പരാജയപ്പെട്ട സ്‌ഥാനാർഥി സ്കോട്ട് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് നിയമപരമായി തടസമുണ്ടെന്ന് സ്കോട്ടിനെ അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ