ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ അഭിനന്ദിച്ചു
Thursday, November 10, 2016 8:59 AM IST
ഡാളസ്: നവംബർ എട്ടിനു നടന്ന അമേരിക്കൻ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ചരിത്രവിജയം കരസ്‌ഥമാക്കിയ ഇന്ത്യൻ വംശജരായ രാജാകൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ, ആർ.ഒ. ഖന്ന, ഡോ. അമിബേറാ, തുൾസി ഗബാഡ്, കമല ഹാരിസ് എന്നിവരെ ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ അഭിനന്ദിച്ചു.

പാർട്ടി പരിഗണനയില്ലാതെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്‌ഥാനാർഥികൾക്കും സംഘടന സഹായ സഹകരണങ്ങൾ നൽകിയിരുന്നതായി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

ന്യൂഡൽഹിയിൽ ജനിച്ചു, പ്രിൻസ്റ്റൺ, ഹാർവാർഡ് ലോ കോളജുകളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച് യുഎസ് രാഷ്ര്‌ടീയത്തിലേക്ക് കാലൂന്നിയ രാജ കൃഷ്ണമൂർത്തി (43) ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി യുഎസ് കോൺഗ്രസിലേക്ക് ഇല്ലിനോയ്സിൽ നിന്നാണ് മത്സരിച്ചു വിജയിച്ചത്.

ചെന്നൈയിൽ ജനിച്ചു, നോർത്തേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത ഡമോക്രാറ്റിക് സ്‌ഥാനാർഥിയായി മത്സരിച്ച പ്രമീള ജയ്പാൽ(51) വാഷിംഗ്ടണിൽനിന്നും യുഎസ് കോൺഗ്രസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആർ.ഒ. ഖന്ന (40) കലിഫോർണിയയിൽ നിന്നും ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി യുഎസ് കോൺഗ്രസിലേക്കും തുൾസി ഗബാഡ് (35) ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി ഹവായിൽനിന്നും യുഎസ് കോൺഗ്രസിലേക്കും കമല ഹാരിസ് (52) കലിഫോർണിയായിൽനിന്നും യുഎസ് സെനറ്റിലേക്കുമാണ് വിജയിച്ചത്.

അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വിജയം കൂടുതൽ ഇന്ത്യൻ വംശജരെ അമേരിക്കൻ രാഷ്ര്‌ടീയ മുഖ്യധാരയിലേക്ക് ആകർഷിക്കുന്നതിന് ഇടയാകട്ടെ എന്ന് സംഘടനയുടെ പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ