അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം 11ന്
Thursday, November 10, 2016 8:52 AM IST
അബുദാബി: സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 11ന് (വെള്ളി) നടക്കും. രാവിലെ 10ന് ബ്രഹ്മവാർ ഭദ്രാസന മെത്രാപോലീത്ത യാക്കോബ് മാർ ഏലിയാസിന്റെ കാർമികത്വത്തിൽ കുർബാന നടക്കും. 11 മുതൽ കൊയ്ത്തുൽസവത്തിന്റെ ആദ്യ ഘട്ടവും വൈകുന്നേരം നാലു മുതൽ രണ്ടാം ഘട്ടവും നടക്കും.

കേരളീയ ഭക്ഷണം ലഭിക്കുന്ന ഫുഡ്സ്റ്റാളുകൾ, തട്ടുകട, വിവിധതരം പായസങ്ങളും, ബിരിയാണികളും, ഗ്രിൽ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ചെടികൾ, കൗതുക വസ്തുക്കൾ എന്നിവയുടെ വില്പനയും വീട്ടുപകരണങ്ങളും ഇലകട്രോണിക് ഉപകരണങ്ങളും വില്പനക്ക് ലഭ്യമാണ്.

കൊയ്ത്തുൽസവത്തിൽ നിന്നുള്ള വരുമാനം ഇടവകയുടെ വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് യാക്കോബ് മാർ ഏലിയാസ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ വികാരി ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹവികാരി ഫാ. ഷാജൻ വർഗീസ്, ജനറൽ കൺവീനർ എം.വി. കോശി, ജോയിന്റ് കൺവീനർ കെ.ഇ.തോമസ്, ഫിനാൻസ് കൺവീനർ ഏബ്രഹാം ജോസഫ്, ഫിനാൻസ് ജോയിന്റ് കൺവീനർ സജി തോമസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള