ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്
Wednesday, November 9, 2016 7:02 AM IST
വാഷിംഗ്ടൺ: അമേരിക്കയുടെ 45–ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 2017 ജനുവരി 20ന് ട്രംപ് സ്ഥാനമേൽക്കും. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപിന്റെ വിജയം. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്ഥാനാർഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. 270 ഇലക്ടറൽ വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടത്. മുപ്പതോളം സംസ്ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്ഥാനങ്ങൾ മാത്രമാണ് ഹില്ലരിക്കൊപ്പം നിന്നത്.

ചാഞ്ചാട്ട സംസ്ഥാനങ്ങൾ പിന്തുണച്ചതാണ് ട്രംപിനു വിജയമൊരുക്കിയത്. നിർണായക സംസ്ഥാനങ്ങളായ ഫ്ളോറിഡയും, അരിസോണയും , പെൻസിൽവാനിയയുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നിന്നു. തുടക്കം മുതൽ ട്രംപ് മുന്നേറിയപ്പോൾ പ്രതീക്ഷിച്ചയിടങ്ങളിൽ ഹില്ലരിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ട്രംപ് ജയിച്ചു കയറിയത്. ഒഹായോ, പെൻസിൽവാനിയ, നോർത്ത് കരോളൈന എന്നിവിടങ്ങളിൽ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്.

ഡൊണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ

പെൻസിൽവാനിയ, ഫ്ളോറിഡ, ടെക്സസ്, ഇൻഡ്യാന, നോർത്ത് കാരളൈന, ഒഹായോ, ജോർജിയ, യൂട്ടാ, ഓക്ലഹോമ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ടെനിസി, മിസിസിപ്പി, കെന്റക്കി, സൗത്ത് കാരളൈന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി,

ഹില്ലരി ക്ലിന്റൺ വിജയിച്ച സംസ്ഥാനങ്ങൾ

കലിഫോർണിയ, വാഷിംഗ്ടൺ, ന്യൂയോർക്ക്, ന്യൂജേഴ്സി, ഓറിഗോൺ, നെവാഡ, ഹവായ്, കൊളറാഡോ, വെർജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, റോഡ് ഐലൻഡ്, കനക്ടികട്ട്, വെർമോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹില്ലരി ജയിച്ചു.