കല (ആർട്ട്) കുവൈറ്റ് ചിത്രരചനാ മത്സരം 11ന്
Wednesday, November 9, 2016 6:07 AM IST
കുവൈത്ത്: ചായങ്ങളുടെ വർണപ്രപഞ്ചം വാരിവിതറി ശിശുദിനത്തോടനുബന്ധിച്ച് ജിസിസിയിലെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ ‘നിറം 2016’ നവംബർ 11ന് (വെള്ളി) ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ അരങ്ങേറും.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന മത്സരാർഥികൾ ഒന്നിന് രജിസ്ട്രേഷൻ കൗണ്ടറിൽ ഹാജരായി ചെസ്റ്റ് നമ്പർ കൈപ്പറ്റേണ്ടതാണ്.

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 127–ാം ജന്മദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാല് ഗ്രൂപ്പുകളിലാണ് മത്സരം. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനം നേടാൻ അവസരം ഉണ്ട്.

ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾക്കു പുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ വിജത്തിനായി എല്ലാവരുടേയും സഹകരണവും സാന്നിധ്യവും അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി പി.ഡി. രാകേഷ്, ജനറൽ കൺവീനർ സുനിൽ കുമാർ എന്നിവർ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ