എഡ്യുകേറ്റ് എ കിഡ് പതിനൊന്നാം വാർഷികം ആഘോഷിച്ചു
Wednesday, November 9, 2016 4:08 AM IST
ലോസ്ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഓം’ ന്റെ ആഭിമുഖ്യത്തിൽ ലോസ് ആഞ്ചലസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ ‘എഡ്യൂകേറ്റ് എ കിഡ്’ ധന സമാഹരണ ഡിന്നറും സേവനത്തിന്റെ പതിനൊന്നാം വാർഷികവും ആഘോഷിച്ചു. നവംബർ അഞ്ചിന് ലോസ് ആഞ്ചലസിലെ ബ്യൂണ പാർക്കിലുള്ള അമയ റസ്റ്ററന്റിലായിരുന്നു ആഘോഷങ്ങൾ.

പ്രസിഡന്റ് രമ നായർ ഭദ്രദീപം തെളിച്ച ചടങ്ങിൽ, നാസയിലെ ശാസ്ത്രജ്‌ഞൻ ഡോ. കസ്തൂരി വെങ്കടേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ പതിനൊന്നുവർഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രഫണൽ കോളജ് വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ എഡ്യൂകേറ്റ് എ കിഡ്’ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എൻജിനിയറിംഗ്, നഴ്സിംഗ് വിദ്യാർഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായി ചെയർമാൻ സഞ്ജയ് ഇളയത് അറിയിച്ചു. ട്രസ്റ്റിന്റെ സഹായം ലഭിച്ച ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു. ചടങ്ങിൽ എഡ്യൂക്കേറ്റ് എ കിഡിന്റെ മുൻ സാരഥിമാരായ ബാലൻ പണിക്കർ, അശോക് കൃഷ്ണൻ, ഡോ. രവി രാഘവൻ, രവി വെള്ളത്തേരി, പ്രയോജകരായ കെ.പി. ഹരി, സ്മിത സഞ്ജയ്, മാത്യു തോമസ്, യുഎസ്ടി ഗ്ലോബൽ പ്രതിനിധി ശ്രീലത വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. സ്പെരിഡിയൻ ടെക്നോളജീസിലെ കെ.പി. ഹരി, എഡ്യൂകേറ്റ് എ കിഡിന്റെ കേരളത്തിലെ ഉപദേശകരിലൊരാളായ ശശി മേനോൻ, ഓം സെക്രട്ടറി വിനോദ് ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ‘ലെറ്റസ് സിംഗ്’ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള, ബോളിവുഡ് ഡാൻസ് എന്നിവ പരിപാടികളുടെ മാറ്റു കൂട്ടി.

സോഫ്റ്റ് വെയർ രംഗത്ത് പ്രശസ്തരായ യുഎസ്ടി ഗ്ലോബൽ, അമേരിക്കയിലെ പ്രമുഖ ഭിഷ്വഗരനും ഇന്ത്യൻ വംശജനായ ഡോ. ശ്യാം കിഷനും കുടുംബവും എന്നിവരായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ മുഖ്യ പ്രായോജകർ. സോഫ്റ്റ്വെയർ രംഗത്തെ മലയാളി സാന്നിധ്യമായ കെ.പി. ഹരി (സ്പെരിഡിയൻ ടെക്നോളജീസ്), സിംപ്ളാൻ, റെക്കറിംഗ് ഡെസിമൽസ്, അഗർവാൾ ഫൗണ്ടേഷൻ, റിയൽ എസ്റ്റേറ്റർ മാത്യു തോമസ് എന്നിവരായിരുന്നു പരിപാടികളുടെ മറ്റു സ്പോൺസർമാർ.

റിപ്പോർട്ട്: സന്ധ്യ പ്രസാദ്