കേരള സെന്റർ അവാർഡുകൾ സമ്മാനിച്ചു
Wednesday, November 9, 2016 4:06 AM IST
ന്യൂയോർക്ക്: ഫ്ളഷിംഗിലെ വേൾഡ് ഫെയർ മറീനയിൽ നടന്ന വർണാഭമായ ചടങ്ങിൽ കേരള സെന്റർ അവാർഡുകൾ സമ്മാനിച്ചു.

ഗവൺമെന്റ് സർവീസിനുള്ള അവാർഡ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് കൊമേഴ്സ് അരുൺ കുമാർ, കോർപറേറ്റ് ലീഡർഷിപ്പിനുള്ള അവാർഡ് റാം മേനോൻ, വൈദ്യശാസ്ത്രത്തിനുള്ള സംഭവാനക്ക് ഡോ. ജയ് രാധാകൃഷ്ണൻ, അപ്ലൈഡ് സയൻസിന് പ്രാഫ. ടി.വി. രാജൻ ബാബു, സാഹിത്യ സേവനത്തിനും സാമൂഹിക പ്രവർത്തനത്തിനും മനോഹർ തോമസ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

മുഖ്യ പ്രസംഗം നടത്തിയ അരുൺകുമാർ ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂവിഭാഗങ്ങളിലൊന്നിൽ ജനിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. വടക്കേ അമേരിക്കയിൽ ആദ്യം എത്തിയത് കൊച്ചിക്കാരിയായ വനിത മീര ആണെന്നു കവി ഒക്ടോവിയോ പാസ് എഴുതിയിട്ടുള്ളത് അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യ അമേരിക്ക ബന്ധം ഓരോ തലത്തിലും ഇപ്പോൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതിക രംഗത്തും കണ്ടുപിടിത്തത്തിലും ഇതു ദൃശ്യമാണ്. ഇന്ത്യൻ അമേരിക്കൻ സമൂഹവും ഊർജസ്വലതയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.

രാഷ്ര്‌ടീയമായും വാണിജ്യപരമായും ഇരു രാജ്യങ്ങളും മുമ്പില്ലാത്ത വിധം അടുത്തിരിക്കുന്നു. വലിയ വികസന സാധ്യതകളാണ് അതിൽ അടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ വികസനം അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്നു മാത്രമല്ല, ഇന്ത്യ വളരേണ്ടത് അമേരിക്കയുടെ കൂടെ ആവശ്യമായിവന്നിരിക്കുന്നു. തികച്ചും സുതാര്യമായ ബന്ധമാണ് അമേരിക്ക ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. രണ്ടുകൂട്ടരുടേയും സാമ്പത്തിക ഉന്നമനം ലക്ഷ്യവും.

കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ തന്റെ ടീം ഇന്ത്യയുടെ വലിയ സാധ്യതകളാണ് ലക്ഷ്യമിടുന്നത്. വൻതോതിലുള്ള വ്യാപാരത്തിനു ഇനിയും സാധ്യതകൾ കിടക്കുന്നു. ഇന്ത്യ യുഎസ് ബന്ധം വളരുമ്പോൾ അതു ഏഷ്യയിൽ മറ്റിടങ്ങളിലും പ്രതിഫലിക്കും. പ്രസിഡന്റ് ഒബാമയും പ്രധാനമന്ത്രി മോദിയും ചേർന്ന് ഇതിനായി സ്ട്രാറ്റജിക് ആൻഡ് കൊമേഴ്സ്യൽ ഡയലോഗ് രൂപവത്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉന്നത തലത്തിൽ രണ്ടുവട്ടം ചർച്ചകൾ നടന്നു.

തന്റെ ടീം ഇന്ത്യയിലെ ഏഴു സ്റ്റേറ്റുകളിൽ പ്രവർത്തിക്കുന്നു, കൊച്ചിയിലും തിരുവനന്തപുരത്തും വാണിജ്യ ഡിപ്പാർട്ട്മെന്റിന്റെ പ്രതിനിധികളുണ്ട്. കേരള സമ്പദ് വ്യവസ്‌ഥയെപ്പറ്റിയുള്ള പുസ്തകവും എഡിറ്റ് ചെയ്തു. അതുപോലെ അമേരിക്കയെ സേവിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കാണുന്നു. ഒബാമ സ്‌ഥാനമൊഴിയുന്നതോടെ താനും സ്‌ഥാനമൊഴിയുമെന്നും അടുത്ത ഭരണകൂടമാണ് തന്നെ ആവശ്യമുണ്ടോ എന്നു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

അവാർഡ് ജേതാവായ രാം മേനോൻ കെപിഎംജി പാർട്ട്ണറാണ്. ആഗോളതലത്തിൽ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. ഡോ. ജയ രാധാകൃഷ്ണൻ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രഫസർ ഓഫ് മെഡിസിനും ന്യൂയോർക്ക് പ്രസ്ബറ്റേറിയൻ ഹോസ്പിറ്റലിൽ നെഫ്രോളജി വിഭാഗം മേധാവിയുമാണ്. കോട്ടയം സിഎംഎസ് കോളജിൽ നിന്ന് ബിരുദമെടുത്ത രാജൻ ബാബു ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കിംബർലി ചെയർ ഇൻ കെമിസ്ട്രിയാണ്. മാനുഫാക്ചറിംഗ്, ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിലൂടെ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു.

സാഹിത്യസേവനത്തിനുള്ള അവാർഡ് നേടിയ മനോഹർ തോമസ് മലയാളി സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സുപരിചിതനാണ്. മുപ്പതിൽപ്പരം വർഷങ്ങളായി സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നു. സർഗവേദിയുടെ സ്‌ഥാപകനാണ്.

അമേരിക്കയിലെത്തിയപ്പോൾ കച്ചവട രംഗത്തേക്ക് തിരിയുകയായിരുന്നുവെന്ന് മനോഹർ പറഞ്ഞു. സർഗ പ്രക്രിയയായി സാഹിത്യ രംഗത്തേക്ക് തിരിഞ്ഞു. സർഗവേദിക്ക് ഒരു ആസ്‌ഥാനമില്ലെന്നു പറഞ്ഞപ്പോൾ ഇ.എം. സ്റ്റീഫനാണ് കേരള സെന്റർ തുറന്നുതന്നത്.

പ്രസിഡന്റ് തമ്പി തലപ്പള്ളിൽ, ബോർഡ് ചെയർമാൻ ഡോ. മധുഭാസ്കർ, കോൺസലേറ്റിലെ കമ്യൂണിറ്റി സർവീസ് കോൺസുൽ ദേവദാസൻ നായർ, അവാർഡ് കമ്മിറ്റി ചെയർ ഡോ. തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

സെന്റർ വൈസ് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. സ്റ്റീഫൻ, മുൻ പ്രസിഡന്റ് ഗോപാലൻ നായർ തുടങ്ങിയവർ ചേർന്ന് അരുൺകുമാറിന് ഫലകം സമ്മാനിച്ചു. കേരള സെന്റർ സെക്രട്ടറി ജോബി ജോൺ മോഡറേറ്ററായിരുന്നു. തുടർന്നു ശാലിനി, അലക്സ് എന്നിവർ അടങ്ങിയ ഗ്ലോബൽ ആർട്സിന്റെ ഗാനമേള, നൃത്തം തുടങ്ങിയവ ചടങ്ങിനു മാറ്റു കൂട്ടി.

റിപ്പോർട്ട്: ജോസ് കാടാപ്പുറം