പിറവം സംഗമം വർണാഭമായി
Tuesday, November 8, 2016 3:45 AM IST
ന്യൂയോർക്ക്: പിറവത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയായ പിറവം നേറ്റീവ് അസോസിയേഷന്റെ സംഗമം ഒക്ടോബർ 24–നു ന്യൂയോർക്കിലെ ടൈസൻ സെന്ററിൽ നടന്നു. പ്രസിഡന്റ് ജെസി ജയിംസ് കോളങ്ങായിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി ഷാജി കിരിച്ചേരിൽ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ സ്കൂൾ വർഷം ഗ്രാജ്വേറ്റ് ചെയ്ത് പിറവം നിവാസികളായ കുട്ടികൾക്ക് പ്രത്യേക സമ്മനങ്ങൾ നൽകുകയുണ്ടായി.

കൂടാതെ പിറവം അസോസിയേഷന്റെ ആദ്യകാലം മുതൽ സജീവമായി പ്രവർത്തിക്കുന്ന ബിനോയ് തെന്നശേരിൽ, ബേബി കോളങ്ങായിൽ, ലിസി ഉച്ചിപ്പിള്ളിൽ, പൗലോസ് കൂട്ടുയാലിൽ എന്നിവരെ പ്രത്യേകം ആദരിച്ചതിനു പുറമെ, ഫൊക്കാന എക്സി. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയി ഇട്ടനെ പിറവം സംഗമം ആദരിച്ചു. പ്രസിഡന്റ് ജസി ജയിംസ് കോളങ്ങായിലിന്റെ നേതൃത്വത്തിൽ പിറവത്തുള്ള നിർദ്ധനരായ ഒരു കുടുംബത്തിന് വീടു നിർമിച്ചു നൽകാനുള്ള പണം സ്വരൂപിച്ച് ജനുവരിയിൽ പിറവത്തുവച്ചു, അതിന്റെ താക്കോൽ ദാനം നിർവഹിക്കുവാൻ കഴിയുമെന്നു ജസി ജയിംസും, സെക്രട്ടറി ഷാജിയും പിറവം സംഗമത്തിൽ പറയുകയുണ്ടായി. വീടു നിർമിച്ചു നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജിമ്മി കോളങ്ങായിൽ, ബാബു തുമ്പയിൽ ഷാജി ഇവരെ സംഗമം പ്രത്യേകം നന്ദി പറഞ്ഞു. എബിസിയിൽ ജോലി ചെയ്യുന്ന പിറവം നിവാസിയായ ടോസിനെ സംഗമം പ്രത്യേകം അനുമോദിച്ചു.

പിറവം സംഗമത്തിൽ അതിഥിയായി എത്തിയ വെള്ളത്തുവൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി തടത്തിൽ സമ്മാനദാനം നിർവഹിച്ചു. പിറവം മുനിസിപ്പിൽ ചെയർമാൻ ബാബു ജേക്കബ് ഫോണിലൂടെ ആശംസകൾ അറിയിച്ചു. അടുത്ത വർഷത്തെ ഭാരവാഹികളായി പ്രശസ്ത സാഹിത്യകാരനും പിറവം നിവാസിയുമായ മനോഹർ തോമസിനെയും സെക്രട്ടറിയായി പൗലോസ് വലിയകട്ടയിലിനെയും തെരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികൾ, തഹസിൽ മുഹമ്മദ്, എയ്ഞ്ചൽ ജിൻസ് എന്നിവരുടെ ഗാനാലാപനം പരിപാടികൾക്കു മാറ്റുകൂട്ടി.

റിപ്പോർട്ട്: ജോസ് കാടാപ്പുറം