മാധ്യമശ്രീ പുരസ്കാരസമർപ്പണം: എം.ബി.രാജേഷ് എംപി മുഖ്യാതിഥി
Monday, November 7, 2016 8:47 AM IST
ഹൂസ്റ്റൺ: ദശാബ്ദം പിന്നിട്ട ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സിഗ്നേച്ചർ പദ്ധതിയായ ‘മാധ്യമശ്രീ പുരസ്കാരം’ സമർപ്പിക്കുന്നതിന് ഹൂസ്റ്റണിൽ ചേരുന്ന യോഗത്തിൽ എം.ബി. രാജേഷ് എംപി മുഖ്യാതിഥിയാകും. നവംബർ 19ന് ഇന്ത്യാ ഹൗസിലാണ് പുരസ്കാരദാന സമ്മേളനം.

പാലക്കാട് ലോക്സഭാമണ്ഡലത്തിൽ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം.ബി. രാജേഷ്*പാർലമെന്റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്‌ഥാനത്തും മാത്രമല്ല ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായ പാർലമെന്ററി സാന്നിദ്ധ്യമാണ്.

പ്രമുഖ ടെലിവിഷൻ ജേർണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണ ജോർജ് ആണ് മാധ്യമശ്രീ പുരസ്കാര ജേതാവ്. അധ്യാപനത്തിൽ നിന്നും പത്രപ്രവർത്തനത്തിലെത്തി അവിടെ നിന്നും ജനപ്രതിനിധിയുടെ റോൾ ഏറ്റെടുത്ത അപൂർവ നേട്ടത്തിനുടമയാണ് വീണ ജോർജ്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ഡോ.ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടാപുറം, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് അനിൽ ആറന്മുള എന്നിവരടങ്ങുന്ന ടീം പുരസ്കാര*സമർപ്പണത്തിന്റെ*എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കി കഴിഞ്ഞു.

റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്