ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പോൾ റയൻ
Monday, November 7, 2016 8:44 AM IST
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് അഭിപ്രായ വ്യത്യാസങ്ങൾക്ക് അവധി കൊടുത്ത് യുഎസ് ഹൗസ് സ്പീക്കർ പോൾ റയൻ ഡൊണാൾഡ് ട്രംപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു.

പോൾ റയന്റെ പ്രഖ്യാപനം ട്രംപിന്റെ വിജയത്തിന് അനിവാര്യമാണെന്നാണ് രാഷ്ര്‌ടീയ നിരീക്ഷകർ കണക്കാക്കുന്നത്. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് യാതൊരു പുതിയ നിർദ്ദേശങ്ങളും ഹില്ലരി മുന്നോട്ട് വച്ചിട്ടില്ലൈന്നും എട്ട് വർഷം അധികാരത്തിലായിരുന്ന ഒബാമയുടെ ഭരണ തുടർച്ച മാത്രമായിരിക്കും ഹില്ലരി പ്രസിഡന്റായാൽ സംഭവിക്കുന്നതെന്നും റയൻ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനം പൂർണമായും ഹില്ലരിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റയൻ ആരോപിച്ചു.

സ്വന്തം സംസ്‌ഥാനമായ വിസ്കോൺസിൽ ഉൾപ്പെടെ എല്ലാ സംസ്‌ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയ പോൾ റയൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രവാക്യം പ്രസക്‌തമാണെന്നും ഇതിന്റെ പൂർത്തീകരണം ട്രംപിന്റെ വിജയത്തിലൂടെ യാഥാർഥ്യമാകുമെന്നും റയൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ