വിശുദ്ധ നാട്ടിലേക്കു തീർഥാടനം നടത്തി
Monday, November 7, 2016 8:33 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 21 വരെ തീർഥാടനം നടത്തി. ജോർദ്ദാൻ, ഇസ്രായേൽ, പാലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ബൈബിൾ പ്രാധാന്യമുള്ള പുണ്യസ്‌ഥലങ്ങളിലേക്ക് 47 പേർ അടങ്ങിയ സംഘമാണ് ഫൊറോന വികാരി ഫാ. ഏബ്രഹാം മുത്തോലത്തിനൊപ്പം യാത്ര തിരിച്ചത്.

ജോർദാൻ നദി, ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്‌ഥലം, മോശ അദ്ഭുതകരമായി വെള്ളം വരുത്തിയ സ്‌ഥലം, ക്രിസ്തു ഗിരിപ്രഭാഷണം നടത്തിയ മല, ഗലീലി തടാകത്തിലൂടെ ബോട്ടുയാത്ര, പത്രോസ് ശ്ലീഹായുടെ ഭവനം, ഈശോ വളർന്ന നസറത്ത്, യൗസേപ്പിന്റെ പണിശാല, ആദ്യ അദ്ഭുതം നടന്ന കാനാ, പൗലോസ് ശ്ലീഹാ കൊർണേലിയൂസിനെ മാനസാന്തരപ്പെടുത്തിയ സ്‌ഥലം, ഒലിവു മല, ഓശാന വീഥി, ഗത്സമേൻ തോട്ടം, യഹൂദരുടെ വിലാപമതിൽ, ഈശോ ജനിച്ച ബത്ലഹേം, ബത്സൈദാ തടാകം, ഈശോയെ കുരിശുമരണത്തിനു വിധിച്ച സ്‌ഥലം, ഗാഗുൽത്തായാത്ര, കാൽവരി, കർത്താവിന്റെ കബറിടം, ചാവുകടൽ, സീനായ് മല, മോറിയാമല, യേശു രൂപാന്തരപ്പെട്ട താബോർ മല, ഈജിപ്തിലേയ്ക്ക് വിമാനയാത്ര, ഈജിപ്ത് മ്യൂസിയം, പിരമിഡുകൾ, പിരമിഡിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയവ തീർഥാടനത്തിലെ പ്രധാന കാഴ്ചകളായിരുന്നു.

തീർഥാടനത്തിന് ഗ്രേസി വാച്ചാച്ചിറ, സണ്ണി ഇൻഡിക്കുഴി, തമ്പിച്ചൻ ചെമ്മാച്ചേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, സജി ഇറപുറം എന്നിവർ നേതൃത്വം നൽകി. മാത്യൂസ് പിൽഗ്രിമേജാണ് യാത്രാക്രമീകരണങ്ങൾ ചെയ്തത്.

റിപ്പോർട്ട്: ബിനോയ് കിഴക്കനടി