ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും
Monday, November 7, 2016 4:48 AM IST
എഡ്മണ്ടൻ (കാനഡ): എഡ്മണ്ടൻ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിലെ മാതാവിന്റെ വണക്കമാസ സമാപനം 2016 ഒക്ടോബർ 30–നു ഭക്‌ത്യാദരപൂർവ്വം ആഘോഷിച്ചു. എഡ്മണ്ടൻ ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്ത് വണക്കമാസ സമാപന ചടങ്ങുകൾക്ക് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ.ഫാ. ജോൺ കുടിയിരുപ്പിൽ മുഖ്യകാർമികനായ വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. ലിജു സഹകാർമികനായിരുന്നു.

ഒക്ടോബർ 21 മുതൽ വൈകുന്നേരങ്ങളിൽ വിശുദ്ധ കുർബാനയ്ക്കുശേഷം ജപമാലയും, ആരാധനയും നടത്തിയതിന്റെ പരിസമാപ്തിയായിരുന്നു ഒക്ടോബർ 30നു നടത്തിയത്. അന്നേദിവസം വൈകുന്നേരം 3.30–നു അഭിവന്ദ്യ പിതാവിനു സ്വീകരണം നൽകി. താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി പരമ്പരാഗത കേരളത്തനിമയിലാണ് പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

വൈകുന്നേരം നാലിനു ആരംഭിച്ച ദിവ്യബലിയിൽ, അഭിവന്ദ്യ റിച്ചാർഡ് സ്മിത്ത് പിതാവാണ് സന്ദേശം നൽകിയത്. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് ഇത്രയും ഹൃദ്യമായ ഒരു സ്വീകരണം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2016 ആരംഭത്തിൽ ആദ്യമായി കേരളം സന്ദർശിച്ചതിന്റെ മധുര സ്മരണകൾ പിതാവ് ജനങ്ങളുമായി പങ്കുവെച്ചു. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം എല്ലാർക്കും പ്രചോദനമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു.



ദിവ്യബലിയെ തുടർന്നു ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരുന്നു. പരിശുദ്ധ മറിയത്തിന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണത്തിനു മുത്തുക്കുടകളും, കൊടികളും, വാദ്യമേളങ്ങളും മികവേകി. തുടർന്നു ലദീഞ്ഞും, രൂപംമുത്തലും ഉണ്ടായിരുന്നു. പാച്ചോർ നേർച്ചയും ക്രമീകരിച്ചിരുന്നു. പള്ളിയിലെ വിവിധ സംഘടനാംഗങ്ങളോടൊപ്പം പിതാവ് ഫോട്ടോ സെഷനുള്ള സമയവും കണ്ടെത്തി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം