ബെൻസലേം പെരുന്നാളിനു ഭക്‌തിനിർഭരമായ തുടക്കം
Saturday, November 5, 2016 2:31 AM IST
ഫിലാഡൽഫിയ: ബെൻസലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ, പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു ഭക്‌തിനിർഭരമായ തുടക്കം. ഒക്ടോബർ 30–നു ഫാ. ദീപു ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിനുശേഷം ആഘോഷമായ കൊടിയേറ്റ് നടന്നു. പെരുന്നാളിന്റെ പ്രധാന ആചരണങ്ങൾ നവംബർ 4,5,6 തീയതികളിൽ നടക്കും. കോട്ടയം വൈദീക സെമിനാരി പ്രഫസർ ഫാ. ഡോ. നൈനാൻ കെ. ജോർജ്, വെരി റവ. സക്കറിയ കോർഎപ്പിസ്കോപ്പ, ഫാ. ഷിനോജ് തോമസ് എന്നിവർ ആചരണങ്ങൾക്ക് മുഖ്യകാർമികരാകും.

നവംബർ നാലിനു വെള്ളിയാഴ്ച വൈകിട്ട് 6.30–നു വിശുദ്ധ കുർബാനയും, മദ്ധ്യസ്‌ഥ പ്രാർത്ഥനയും തുടർന്നു ആഘോഷമായ പ്രദക്ഷിണവും, നേർച്ചയും നടക്കും. നവംബർ അഞ്ചാംതീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ‘കൂദോശ് ഈത്തോ’ കോൺഫറൻസ് നടക്കും. ഇതിൽ വിവിധ പ്രായത്തിലുള്ളവർക്കായി കുടുംബജീവിതത്തെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. വൈകിട്ട് 6.30–നു സന്ധ്യാനമസ്കാരം, പരുമല തിരുമേനി അനുസ്മരണ പ്രഭാഷണം, പാരമ്പര്യ പുഴുക്കു നേർച്ച എന്നിവയുണ്ടായിരിക്കും.

പ്രധാന പെരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരം, 9.30–നു വിശുദ്ധ മൂന്നിൻമേൽ കുർബാന, മദ്ധ്യസ്‌ഥ പ്രാർത്ഥന എന്നിവയും, 11.30–ന് ആഘോഷമായ പ്രദക്ഷിണവും പരുമല തിരുമേനി ശ്രാദ്ധ സദ്യയും നടക്കും. പെരുന്നാൾ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നതായി കൺവീനർ തോമസ് ഒ. ഏബ്രഹാം, ജയിംസ് വർഗീസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫാ. ഷിബു വേണാട് (വികാരി), മാത്യു കുര്യൻ (സെക്രട്ടറി), ബിനു ഫിലിപ്പ് (ട്രഷറർ), ബിജു ചാക്കോ (ജോയിന്റ് ട്രഷറർ), സൈമൺ കല്ലേലി (ജോയിന്റ് സെക്രട്ടറി). ഓഫീസ് ഫോൺ: 215 639 4132.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം