സാഹിത്യവേദിയുടെ ഇരുനൂറാം സമ്മേളനം നവംബർ നാലിന്
Friday, November 4, 2016 4:39 AM IST
ഷിക്കാഗോ: 2016 നവംബർ മാസ സാഹിത്യവേദിയായ ഇരുനൂറാമതു സാഹിത്യവേദി നവംബർ നാലിനു കൺട്രി ഇൻ ആൻഡ് സ്യൂട്ടിൽ (2200 S. Elmhurst, Mount Prospect, IL ) കൂടുന്നതാണ്.

ഷിക്കാഗോയിലെ സാഹിത്യ സ്നേഹിതരുടെ കൂട്ടായ്മയായ സാഹിത്യവേദി 1994 സെപ്റ്റംബർ മാസത്തിലാണ് ആരംഭിച്ചത്. അന്നു മുതൽ അതിശൈത്യമാസങ്ങളായ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഒഴികെ, മറ്റെല്ലാ മാസങ്ങളിലും ഒന്നാം വെള്ളിയാഴ്ച വൈകുന്നേരം 6.30–നു സാഹിത്യവേദി സമ്മേളിച്ചുകൊണ്ടിരിക്കുന്നു. ഈ നവംബറിൽ കൂടുന്ന സാഹിത്യവേദി ഇതുവരെ നടന്ന സാഹിത്യവേദികളുടെ ഒരു അനുസ്മരണമായിട്ടാണ് അരങ്ങേറുന്നത്. സാഹിത്യവേദിയിൽ സാഹിത്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ളവരും, അധ്യക്ഷത വഹിച്ചിട്ടുള്ളവരും, സ്പോൺസർ ചെയ്തിട്ടുള്ളവരും സന്നിഹിതരാകുന്നതാണ്.

സാഹിത്യവേദിയിൽ സജീവാംഗങ്ങളായിരിക്കെ നിര്യാതരായവരെ അനുസ്മരിക്കുന്നതാണ്. 199–മതു സാഹിത്യവേദി ഒക്ടോബർ ഏഴിന് ഡോ. റോയ് പി. തോമസിന്റെ അധ്യക്ഷതയിൽ കൂടി., ലക്ഷ്മി നായരുടെ A Lament (ഒരു വിലാപം) എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തെ ആസ്പദമാക്കി ലക്ഷ്മി നായർ പ്രബന്ധം അവതരിപ്പിച്ചു. ഷാജൻ ആനിത്തോട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ രമാ നായർ സ്പോൺസർ ചെയ്ത ഒക്ടോബർ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോൺ എലക്കാട്ട് (773 282 4955), ഡോ. റോയ് പി. തോമസ് (630 986 0819), രവി രാജ (630 581 9691).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം