ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപിറവി ദിനാഘോഷം അഞ്ചിന്
Thursday, November 3, 2016 10:20 AM IST
ഫിലഡൽഫിയ: കേരളപിറവിയുടെ ഷഷ്ഠിപൂർത്തി ആഘോഷം പ്രമുഖ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നവംബർ അഞ്ചിന് (ശനി) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പതു വരെയാണ് ആഘോഷ പരിപാടികൾ. കലാഭവൻ മണി ഗ്രാമത്തിൽ– കാവാലം തിരുവരങ്ങിൽ (അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയം, 10197 നോർത്ത് ഈസ്റ്റ് അവന്യൂ, ഫിലാഡൽഫിയ 19116) നടക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് സംവാദം ഉണ്ട ായിരിക്കും. ‘ട്രംപോ ഹില്ലരിയോ’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദം നയിക്കുന്നത് ജോബി ജോർജ്, ജോർജ് ഓലിക്കൽ എന്നിവരാണ്. തുടർന്ന് ‘നഷ്ടപ്പെടുന്ന കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സിമ്പോസിയം ജോർജ് നടവയൽ, അശോകൻ വേങ്ങശേരി എന്നിവർ നയിക്കും.

വിവിധ സംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ ജോർജ് തുമ്പയിൽ മുഖ്യാതിഥിയയിരിക്കും. തുടർന്നു ഭരതം ഡാൻസ് അക്കാദമി, നൂപുര ഡാൻസ് സ്കൂൾ എന്നിവയിലെ കലാകാരികളുടെ നൃത്ത പരിപാടികളും മഹിമ പാറപ്പുറത്തിന്റെ ഭരതനാട്യവും ഉണ്ടായിരിക്കും. സാബു പാമ്പാടി, അനൂപ് ജോസഫ്, ജയ്സൺ ജോസഫ് എന്നിവരുടെ ഗാനമേളയും സൂരജ് ദിനമണിയുടെ മിമിക്രിയും പരിപാടികൾക്കു മിഴിവേകും. പ്രവേശനം സൗജന്യമായിരിക്കും.

വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി പരിപാടികൾ സമാപിക്കും. അനൂപ് ജോസഫ്, ജീമോൻ ജോർജ്, അലക്സ് തോമസ്, സജി കരിങ്കുറ്റി, റോണി വർഗീസ്, രാജൻ സാമുവൽ, ജോർജ് നടവയൽ, തമ്പി ചാക്കോ, സുധാ കർത്താ, വിൻസെന്റ് ഇമ്മാനുവൽ, റോയി സാമുവേൽ, മോഡി ജേക്കബ്, ജോബി ജോർജ്, ജിനുമോൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ഫിലിപ്പോസ് ചെറിയാൻ (ചെയർമാൻ) 215 605 7310, തോമസ് പോൾ (ജനറൽ സെക്രട്ടറി) 267 825 5183, സുരേഷ് നായർ (ട്രഷറർ) 267 515 8375, ജോർജ് ഓലിക്കൽ (സംഘാടക സമിതി ചെയർമാൻ) 215 873 4365.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം