റിയാദിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Thursday, November 3, 2016 7:45 AM IST
റിയാദ്: ജോലിക്കിടെ റിയാദിൽ മരിച്ച കോഴിക്കോട് എലത്തൂർ സ്വദേശി തൊട്ടുമുക്കത്തു വീട്ടിൽ നവീഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ആറുവർഷമായി ബദിയയിലെ ഒരു ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

അവിവാഹിതനായ നവീഷ് ഒരുതവണയാണ് നാട്ടിൽ പോയത്. നാട്ടിൽപോകുന്നതിനു മുമ്പ് രണ്ടു തവണ ജീവനൊടുക്കാൻ ശ്രമം നടത്തി. ജോലി സമയം കഴിഞ്ഞിരുന്നതിനാൽ മറ്റുള്ളർ കാണുകയും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇക്കാരണത്താൽ എക്സിറ്റിൽ നാട്ടിൽ അയയ്ക്കാൻ കമ്പനി തീരുമാനിച്ചു. എന്നാൽ മലയാളിയായ മാനേജരോട്, കുടുംബത്തിന്റെ ഏക ആശ്രയമായ മകനെ എക്സിറ്റിൽ അയയ്ക്കരുതെന്നും തെറ്റ് ആവർത്തിക്കില്ലെന്നും അവധിയിൽ വിടണമെന്നുമുള്ള അമ്മയുടെ അഭ്യർഥന മാനിച്ച് സ്പോൺസർ അവധിയിൽ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച നവീഷ് രണ്ടു വർഷത്തോളം ജോലി ചെയ്തു. അടുത്തമാസം നാട്ടിൽ പോകാനിരിക്കെയാണ് ജീവനൊടുക്കിയത്.

രാവിലെ ജോലിക്കിടയിൽ ഫോൺ ചെയ്യാനായി പുറത്തേക്കുപോയ നവീഷിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബാത്റൂമിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ശുമേഷി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ കിഷോർ ഇ. നിസാം നേതൃത്വം നൽകി. കമ്പനിയിലെ സഹപ്രവർത്തകരായ മധു എലത്തൂർ, ദിലീഷ് എന്നിവരും പ്രവർത്തിച്ചു. സുമേഷി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച ഇത്തിഹാദ് എയർലൈൻസിൽ കോഴിക്കോട്ടെത്തിച്ചു.

പരേതനായ തൊട്ടുമുക്കത്ത് നാരായണൻ –കമല ദമ്പതികളുടെ മകനാണ് നവീഷ്. സഹോദരൻ നിജീഷ്.