കല കുവൈറ്റ് ഒക്ടോബർ അനുസ്മരണം സംഘടിപ്പിച്ചു
Thursday, November 3, 2016 7:40 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരന്മാരായ ചെറുകാട്, വയലാർ, ജോസഫ് മുണ്ടശേരി, കെ.എൻ. എഴുത്തച്ഛൻ എന്നിവരെ അനുസ്മരിച്ച് സമ്മേളനം സംഘടിപ്പിച്ചു.

സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (സീനിയർ) നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. രാജു ഏബ്രഹാം എംഎൽഎ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. കല കുവൈറ്റ് മീഡിയ സെക്രട്ടറി ആസഫ് അലി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ഷംസുദ്ദീൻ കരിപ്പറമ്പിനും ഹസാവി യൂണിറ്റ് ജോയിന്റ് കൺവീനർ കെ. നൗഫലിനും കലയുടെ സ്നേഹോപഹാരം ചടങ്ങിൽ രാജു ഏബ്രഹാം എംഎൽഎ സമ്മാനിച്ചു.

സമ്മേളനത്തിൽ പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, സാൽമിയ മേഖല കമ്മിറ്റി സെക്രട്ടറി രമേശ് കണ്ണപുരം എന്നിവർ സംസാരിച്ചു. ട്രഷറർ അനിൽ കൂക്കിരി ചടങ്ങിൽ സംബന്ധിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ അണിയിച്ചൊരുക്കിയ, ദിലീഫ് നടേരി രചിച്ച്, സുരേഷ് തോലമ്പ്ര സംവിധാനം നിർവഹിച്ച ‘തേജസ്വിനി സാക്ഷി’ എന്ന നാടകം അരങ്ങേറി.

കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, അരുൺ കുമാർ, സാൽമിയ മേഖല കമ്മിറ്റി അംഗങ്ങളായ സുജിത്ത് ഗോപിനാഥ്, മധു കൃഷ്ണ, രമേശ് നാരായൺ, അബ്ദുൾ നിസാർ കൂടാതെ ദിലീപ് നടേരി, പ്രജീഷ്, ഷൈജുക്കുട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ