സൗദിയിൽ എൻജിനിയർ വിദ്യാർഥികളും നിതാഖാത്തിൽ
Thursday, November 3, 2016 7:38 AM IST
ദമാം: എൻജിനിയിറിംഗ് വിദ്യാർഥികളെ നിതാഖാത്തിൽ ഒരു സ്വദേശി ജീവനക്കാരനായി പരിഗണിക്കാനുള്ള വ്യവസ്‌ഥ നടപ്പിലാക്കാനാണ് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം ആലോചിക്കുന്നത്. ഇതിനായി പൊതു സമൂഹത്തിന്റെ അഭിപ്രായം തേടും.

എൻജിനിയറിംഗ് മേഖലയിൽ കൂടുതൽ സ്വദേശികൾക്കു അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ദതി നടപ്പിലാക്കുന്നത്. പഠന സമയത്തിനുശേഷം എൻജിനിയറിംഗ് വിദ്യാർഥികൾക്ക് വൈകുന്നേരങ്ങളിലും മറ്റു സമയങ്ങളിലും വിവിധ കമ്പനികളിലും എൻജിനിയറിംഗ് കൾസൾട്ടിംഗ് സ്‌ഥാപനങ്ങളിലും പരിശീലകാരായി ജോലി ചെയ്യാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

എന്നാൽ ഈ കൺസൾട്ടിംഗ് സ്‌ഥാപനങ്ങളും കമ്പനികളും സൗദി എൻജിനിയറിംഗ് കൗൺസിലിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും ലൈസൻസ് നേടിയവരായിരിക്കണമെന്ന് വ്യവസ്‌ഥയുണ്ട്. അംഗീകൃത സ്‌ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

എൻജിനിയറിംഗ് കൗൺസിലിന്റെ വ്യവസ്‌ഥ പ്രകാരം വിദ്യാർഥി പരിശീലനം നടത്തുന്ന സ്‌ഥാപനത്തിൽ പരിശീലന പദ്ധതി രജിസ്റ്റർ ചെയ്യണം. കൂടാതെ പരിശീലനം സംബന്ധിച്ച് വിദ്യാർഥിയും സ്‌ഥാപനവും തമ്മിൽ കരാറും ഉണ്ടാക്കിയിരിക്കണം. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥിക്ക് പഠനശേഷം സ്‌ഥാപനത്തിൽ മുഴുവൻ സമയ ജീവനക്കാരനായി ജോലി നൽകിയിരിക്കണമെന്നും വ്യവസ്‌ഥയുണ്ട്.

പരിശീലന കാലത്ത് 1500 റിയാൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി നൽകുകയും വേണമെന്നാണ് വ്യവസ്‌ഥ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം