ആർഎസ്സി കുവൈത്ത് നാഷണൽ സാഹിത്യോത്സവ് നവംബർ നാലിന്
Wednesday, November 2, 2016 9:15 AM IST
കുവൈത്ത്: റിസാല സ്റ്റഡി സർക്കിൾ എട്ടാമത് ദേശീയ സാഹിത്യോത്സവ് നവംബർ നാലിന് (വെള്ളി) അബാസിയ പാക്കിസ്‌ഥാൻ സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രമുഖർ പങ്കെടുക്കും.

കുവൈത്തിലെ നാല് സോണുകളിൽ നിന്നായി 300 പ്രതിഭകൾ 52 കലാ സാഹിത്യ ഇനങ്ങളിൽ മത്സരിക്കുന്ന പ്രവാസി ലോകത്തെ വലിയ പൈതൃക കലാമേളയാണ് സാഹിത്യോത്സവ്.

മാപ്പിളപ്പാട്ട്, സംഘഗാനം, മദ്ഹ് ഗാനം, കഥ പറയൽ, ഭാഷാ പ്രസംഗങ്ങൾ, ജലഛായം,*കഥ–കവിത രചനകൾ, ലാംഗ്വേജ് ഗെയിം, ഗണിത കേളി, ദഫ്, മൗലിദ് പാരായണം, ഖവാലി തുടങ്ങിയ മത്സരങ്ങൾ പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത.് നാലു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ജലീബ്, ഫർവാനിയ, സിറ്റി, ഫഹാഹീൽ എന്നീ നാല് ടീമുകളാണ് മാറ്റുരക്കുക. തനതു മാപ്പിള കലയുടെ പുനരാവിഷ്കാരങ്ങൾ ഉച്ചകഴിഞ്ഞ് 3.30 മുതൽ പ്രധാന വേദികളിൽ അരങ്ങേറും.

സാഹിത്യോത്സവിനുള്ള തയാറെടുപ്പുകൾ സംഘാടക സമിതി ആഭിമുഖ്യത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പരിപാടികൾ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തിൽ എസ്എസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡന്റ് മുഹമമദ് ഫാറൂഖ് നയിമി മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ