‘മാധ്യമ ശ്രീ’ പുരസ്കാര സമ്മേളനത്തിന് പ്രമുഖരുടെ പിന്തുണ
Wednesday, November 2, 2016 8:57 AM IST
ഹൂസ്റ്റൺ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പുരസ്കാരമായ ‘മാധ്യമ ശ്രീ’ അവാർഡുദാന സമ്മേളനം മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ മാധ്യമ വിരുന്നാവുകയാണ്. നവംബർ 19ന് ഇന്ത്യാ ഹൗസിൽ നടക്കുന്ന പ്രൗഢോജ്വലമായ സമ്മേളനം വർണാഭമാക്കുന്നതിനുവേണ്ടി അമേരിക്കൻ മലയാളി സമൂഹത്തിലെ സമസ്ത മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്‌തിത്വങ്ങൾ സ്പോൺസർമാരാവുന്നു. ഡോ. ഫ്രീമു വർഗീസ്, ജോർജ് ഏബ്രഹാം, ജി.കെ. പിള്ള, ഡോ. മനു ചാക്കോ, മാധവൻ പിള്ള, സണ്ണി മാളിയേക്കൽ, ഡോ. സഖറിയ തോമസ് എന്നിവരാണ് മുഖ്യ സ്പോൺസർമാരായി പിന്തുണ നൽകിയിരിക്കുന്നത്. ഇവർക്കു പുറമേ നിരവധി വ്യക്‌തികളും സ്‌ഥാപനങ്ങളും സംഘടനകളും അവാർഡുദാന ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഡോ. ഫ്രീമു വർഗീസ്

പ്രമുഖ നെഫ്രോളജിസ്റ്റും അമേരിക്കൻ മലയാളി സമൂഹത്തിലെ തിളക്കമാർന്ന വ്യക്‌തിത്വവുമായ ഡോ. ഫ്രീമു വർഗീസാണ് ഗ്രാൻഡ് സ്പോൺസർ. കലാ, സാംസ്കാരിക രംഗങ്ങളിൽ അതുല്യമായ വ്യക്‌തിമുദ്ര പതിപ്പിച്ച ഇദ്ദേഹം അമേരിക്കയിൽ മികച്ച സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ’ഫ്രീഡിയ എന്റർടെയ്ൻമെന്റ്സി’ന്റെ പ്രസിഡന്റ് കൂടിയാണ്. സിനിമ നിർമാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും നടന്നിട്ടുള്ള ശ്രദ്ധേയമായ സ്റ്റേജ് ഷോകളുടെ പിന്നിലും ഫ്രീഡിയയുടെ സജീവ സാന്നിധ്യം ഉണ്ട്. ഹൂസ്റ്റൺ ഡയഗണോസ്റ്റിക് ക്ലിനിക്കിന്റെ സാരഥിയായ ഡോ. ഫ്രീമു തികഞ്ഞ കലാസ്നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം കാത്തുസൂക്ഷിക്കുന്ന സഹൃദയനുമാണ്. ഫ്രീഡിയയുടെ ആദ്യ സിനിമയായ ’ഹലോ നമസ്തേ’’വൻ വിജയമായിരുന്നു. രണ്ട് സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആ രംഗത്തും അദ്ദേഹം തിളങ്ങി.

ജോർജ് ഏബ്രഹാം

ജീവകാരുണ്യ പ്രവർത്തനം ജീവിത നിയോഗമാക്കിയ ഇദ്ദേഹം അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരനും നിസ്വാർഥ സേവകനുമാണ്. രാജു എന്ന ഓമനപേരിൽ അറിയപ്പെടുന്ന ജോർജ് ഏബ്രഹാം അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്‌ഥാപനമായ ‘ഏബ്രഹാം ആൻഡ് കമ്പനി’യുടെ സാരഥിയാണ്. കേരളത്തിലും അമേരിക്കയിലും രാഷ്ട്രീയ, സാമൂഹിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ പൊതു പ്രവർത്തകനാണ്. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ നേതൃനിരയിൽ സജീവമായി പ്രവർത്തിക്കുന്നു. കേരളത്തിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക് കർമഭൂമിയിൽ നിന്നും കണ്ടെയ്നറുകൾ വഴി മരുന്നും മറ്റ് ഉപകരണങ്ങളും എത്തിച്ച് വിവിധ ആശുപത്രികളിലൂടെ വിതരണം ചെയ്ത് സമാശ്വാസത്തിന്റെ പ്രതീകമായി മാറിയ വ്യക്‌തിത്വമാണ് ജോർജ് ഏബ്രഹാം.

ജി.കെ. പിള്ള സിപിഎ

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജി.കെ. പിള്ള മലയാളി സമൂഹത്തിൽ ചിരപ്രതിഷ്ഠ നേതിയ മുതിർന്ന വ്യക്‌തിത്വമാണ്. കറയറ്റ പ്രവർത്തനം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവർക്കും പ്രിയങ്കരനും മലയാളികൾക്ക് സുപരിചിതനും പരോപകാരിയുമാണ് സീനിയർ അക്കൗണ്ടന്റായ ജി.കെ. പിള്ള. ഒട്ടേറെ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃപദവികൾക്ക് അലങ്കാരമായ ജി.കെ. പിള്ള ഫൊക്കാനയുടെയും എൻഎസ്എസിന്റെയും അമരക്കാരനായി ശ്രദ്ധേയമായ ഭരണപാടവം തെളിയിച്ച അപൂർവം നേതാക്കളിലൊരാളാണ്. ഉജ്‌ജ്വല നേട്ടങ്ങൾ കൊയ്ത ബിസിനസുകാരൻ കൂടിയാണിദ്ദേഹം. കർമ ഭൂമിയിലെ മലയാളികൾക്ക് മാതൃകയാക്കാനുള്ള സേവനപാതയാണ് ജി.കെ. പിള്ള വെട്ടിത്തുറന്നിട്ടുള്ളത്.

ഡോ. മനു ചാക്കോ

യുവത്വം തുളുമ്പുന്ന ഡോക്ടർ മാത്രമല്ല ഇദ്ദേഹം. കലാ, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യവും സെലിബ്രിറ്റിയും കൂടിയാണ്. മലയാളികളുടെ സഹജീവിസ്നേഹം അന്വർഥമാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അശരണരുടെയും ആലംബഹീനരുടെയും സ്പന്ദനങ്ങൾ തന്റെ സ്റ്റെത്തുകൊണ്ടുമാത്രമല്ല മനസുകൊണ്ടും തൊട്ടറിയുന്ന വക്‌തിയാണ് ഡോ. മനു ചാക്കോ. സഹായം അഭ്യർഥിച്ച് എത്തുന്നവരെ നിരുത്സാഹപ്പെടുത്താത്ത ഡോ. മനു ചാക്കോ ജീവകാരുണ്യ പ്രവർത്തനം തന്റെ കടമയായി കാണുന്നു. എല്ലാവരുമായി നിഷ്ക്കളങ്കമായ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇദ്ദേഹം അമേരിക്കൻ മലയാളികളുടെ കലാ, സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമാണ്.

മാധവൻ പിള്ള സിപിഎ

കർമഭൂമിയിലെ ആദ്യകാല കുടിയേറ്റക്കാരനായ മാധവൻ പിള്ള ഈടുറ്റ സാമൂഹിക പ്രവർത്തന പാരമ്പര്യത്തിന്റെ ഉടമയാണ്. ബിസിനസ് രംഗത്തെ കരുത്തനായ ഇദ്ദേഹം ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. പൊതു രംഗത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്‌തിത്വമാണ് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ മാധവൻ പിള്ള. സമൂഹത്തിലെ ഏവരുടെയും ആദരവിനും അഭിനന്ദനങ്ങൾക്കും അർഹനായ ഇദ്ദേഹം മലയാളികളുടെ വിവിധങ്ങളായ മുന്നേറ്റങ്ങൾക്ക് സ്നേഹോഷ്മളമായ പിന്തുണയേകുകയും ഉപദേശ നിർദേശങ്ങൾ യഥേഷ്ടം നൽകുകയും ചെയ്യുന്നു.

സണ്ണി മാളിയേക്കൽ

ബിസിനസ് രംഗത്ത് തനതായ വ്യക്‌തിമുദ്ര പതിപ്പിച്ച സണ്ണിമാളിയേക്കൽ മലയാളി സമൂഹത്തിന് സുപരിചിതനാണ്. ബിസിനസിൽ മാത്രമല്ല പൊതുപ്രവർത്തന മേഖലയിലും മാധ്യമശ്രേണിയിലും സണ്ണി മാളിയേക്കൽ തിളങ്ങുന്നു. ഏഷ്യാനെറ്റ് ചാനലിന്റെ റീജണൽ ഡയറക്ടറായ അദ്ദേഹം ഏതു കാര്യത്തിനും ധൈര്യപൂർവം സമീപിക്കാവുന്ന ഒരു ഉപകാരിയുമാണ്. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന്റെ മുൻ പ്രസിഡന്റായിരുന്ന സണ്ണി മാളിയേക്കൽ എന്നും മാധ്യമ ധർമത്തിന്റെ പതാകാ വാഹകനാണ്. ഡാളസിലെ പ്രശസ്തമായ ഇന്ത്യാ ഗാർഡൻസ് എന്ന റസ്റ്ററന്റിന്റെ സാരഥ്യം വഹിക്കുന്നു.

ഡോ. സഖറിയ തോമസ്

സിനിമാരംഗത്തെ വേറിട്ട മുഖവും കലാ, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യവുമാണ് ഇദ്ദേഹം. യുജിഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അമേരിക്കൻ മലയാളികൾക്കായി നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ച് ആസ്വാദകരുടെ കൈയടി നേടിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സ്റ്റേജ് ഷോകൾ മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്നു. അനസ്ത്യേഷ്യസ്റ്റായ ഡോ. സഖറിയ തോമസ് ‘അമർ അക്ബർ ആന്റണി’ എന്ന തന്റെ ആദ്യത്തെ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവർന്നു. മലയാളികൾ കാത്തിരിക്കുന്ന ഇഷ്ട ചിത്രങ്ങളുടെ പണിപ്പുരയിലുമാണ്.

‘മാധ്യമ ശ്രീ’ അവാർഡ് ദാന ചടങ്ങ് ചരിത്രമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മലയാളികളുടെ മാധ്യമ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വിളംബരമാകുന്ന ചടങ്ങിൽ അമേരിക്കൻ മലയാളികളുടെ സ്നേഹ സാന്നിധ്യം ഉണ്ടാവണമെന്ന് സംഘാടകർ ഹൃദയപൂർവം താത്പര്യപ്പെടുന്നു.

റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്