യുഎഫ്സി ഫുട്ബോൾ മേള: യംഗ്സ്റ്റാർ, മലബാർ എഫ്സി, യൂത്ത് ക്ലബ് ടീമുകൾക്ക് വിജയം
Tuesday, November 1, 2016 7:45 AM IST
ദമാം: അൽകോബാർ യുനൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി അൽ തറജ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന യുഎസ്ജി ബോറൽ സോക്കർ ഫുട്ബോൾ മേളയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ യംഗ്സ്റ്റാർ ടൊയോട്ട, മലബാർ എഫ്സി ജുബൈൽ, യൂത്ത് ക്ലബ് കോബാർ ടീമുകൾക്ക് വിജയം.

ആദ്യ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് യംഗ്സ്റ്റാർ ക്വാർട്ടർ പ്രവേശനം നേടിയത്. യംഗ്സ്റ്റാറിനുവേണ്ടി സഹീൽ, സുജീർ എന്നിവർ ഗോൾ നേടി. ജുബൈൽ എഫ്സിക്ക് വേണ്ടി ഷാമിൽ ആശ്വാസ ഗോൾ നേടി.

രണ്ടാമത്തെ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മലബാർ എഫ്സി വിജയിച്ചു. പ്രമോദ്, സ്റ്റീജൻ എന്നിവർ മലബാറിനുവേണ്ടി ഗോൾ നേടി. തെക്കേപ്പുറത്തിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി നസീം ആശ്വാസ ഗോൾ നേടി.

ഇംകോ കോബാറും യൂത്ത് ക്ലബും തമ്മിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാഞ്ഞതുകൊണ്ട് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു. ടൈബ്രേക്കറിൽ യൂത്ത് ക്ലബ് ഗോളി മുഹമ്മദലിയുടെ മികച്ച സേവിംഗ് സെമിഫൈനലിലേക്കുള്ള വഴിയൊരുക്കി. സ്വദേശി റഫറിമാരായ അലി അബ്ദുൽ കരീം, ഹുസൈൻ അൽ മുഖ്താർ, അബാസ് അസ്വീദ്, ഡിഫ റഫറി അർഷദ് വാഴക്കാട് എന്നിവർ കളികൾ നിയന്ത്രിച്ചു.

സാലെഹ് അൽ മുബയിദ് ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റ് ജനറൽ മാനേജർ ശരീഫ് മന്നേക്കര, മാർക്കറ്റിംഗ് മാനേജർ റിയാസ് കൈനിക്കര, അലി അൽ മുഹ്സിൻ (സൗദി ടിവി), സകീർ വള്ളകടവ്, മുസ്തഫ തിരൂർ, ജാഫർ കൊണ്ടോട്ടി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കളിയിലെ കേമൻമാരായി അബ്ദുൽ ഖാദർ (യംഗ് സ്റ്റാർ), അമീർ (മലബാർ എഫ്.സി), മുഹമ്മദലി (യൂത്ത് ക്ലബ്) എന്നിവരെ തിരഞ്ഞെടുത്തു. യൂസുഫ് വേങ്ങര (ദാറു അസിഹ), സമീർ സാം, സി. അബ്ദുൾറസാക്, ആബിദലി കരങ്ങാടൻ, ഫ്രാങ്കോ ജോസ്, ഉണ്ണി കോഴിക്കോട്, അനസ് വയനാട് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. അബ്ദുൽ സലാം, ലെശിൻ, ഹംസ അലനല്ലൂർ, ജസീൽ ചേന്ദമംഗല്ലൂർ, റിയാസ് എടത്തനാട്ടുകര എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

അടുത്ത വെള്ളിയാഴ്ച അവസാന ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ യംഗ്സ്റ്റാർ ടൊയോട്ട സാൻഫോഡ് ഖാലിദിയയേയും കോർണിഷ് സോക്കർ മലബാർ എഫ്സിയേയും ദമാം സോക്കർ യുഎസ്ജി ബോറൽ യുഎഫ്സിയേയും നേരിടും. വൈകുന്നേരം 5.30 മുതലാണ് മൽസരങ്ങൾ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം