സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ്: ശൂറ കൗൺസിൽ തള്ളി
Tuesday, November 1, 2016 7:43 AM IST
ദമാം: സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതു സംബന്ധിച്ച പഠനം നടത്താനുള്ള നിർദേശം ശൂറ കൗൺസിൽ തള്ളി. മാറിയ ചില സാഹചര്യത്തിൽ വനിതകൾക്കും െരഡെവിംഗ് ലൈസെൻസ് അനുവദിക്കണമെന്നാവശ്യം ശക്‌തിപ്പെടുന്നത് കണക്കിലെടുത്താണ് കൗൺസിൽ ചർച്ച ചെയ്തത്.

കൗൺസിലിൽ ഡ്രൈവിംഗ് ലൈസെൻസ് അനുവദിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടന്നു. വനിതകൾക്ക് െരഡെവിംഗ് ലൈസൻസ് അനുവദിക്കുന്നതിനെ കുറിച്ചു ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പഠനം നടത്തണമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന് ശൂറാ കൗൺസിലിലെ ചില അംഗങ്ങൾ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ മറ്റു ചില സാമൂഹ്യ പ്രശ്നങ്ങൾ ഉന്നയിച്ച് ചില അംഗങ്ങൾ ഇതിനെ എതിർക്കുകയായിരുന്നു.

ഇരുവിഭാഗങ്ങളുടെയും അഭിപ്രായം കേട്ട അധ്യക്ഷൻ ഷെയ്ഖ് ഡോ. അബ്ദുല്ലാബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം അൽശൈഖ് അന്തിമ തീരുമാനം വോട്ടെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് 65 പേർ അനുകൂലിച്ചും 62 പേർ എതിർത്തും വോട്ട് ചെയ്തു. എന്നാൽ ഇത് അംഗീകരിക്കപ്പെടാൻ 76 വോട്ട് വേണമെന്നാണ് വ്യവസ്‌ഥ. 76 പേരെങ്കിലും അനുകൂലിക്കാത്ത സാഹചര്യത്തിൽ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനെകുറിച്ചു പഠനം നടത്താനുള്ള നിർദേശം തള്ളിക്കൊണ്ട് അധ്യക്ഷൻ ഷെയ്ഖ് ഡോ.അബ്ദുള്ള ബിൻ മുഹമ്മദ് പ്രഖ്യാപനം നടത്തുകയായിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം