ചില്ല സർഗവേദി പ്രതിമാസ ഒത്തുചേരൽ അവിസ്മരണീയമാക്കി
Tuesday, November 1, 2016 7:43 AM IST
റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ അക്ഷരസ്നേഹികൾ അവിസ്മരണീയമാക്കി. ശിഫാ അൽ ജസീറാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജ്‌ഞാനപീഠ പുരസ്കാരജേതാവ് പ്രതിഭാ റായ് രചിച്ച ‘ദ്രൗപദി’യുടെ വായനാനുഭവം പങ്കിട്ട് മിനി നന്ദൻ ഉദ്ഘാടനം ചെയ്തു. പ്രതികൂലമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവന്നിട്ടും നിർഭയത്വവും ധീരതയും പ്രദർശിപ്പിച്ച കഥാപാത്രത്തെയാണ് വ്യാസന്റെ ദ്രൗപദിക്ക് പകരം പ്രതിഭാ റായ് ഈ കൃതിയിൽ സൃഷ്‌ടിച്ചതെന്ന് മിനി പറഞ്ഞു.

മറാത്തി സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ ‘അക്കർമാശി’ എന്ന ആത്മകഥ ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിച്ചു. സമൂഹത്തെ ദളിതന്റെ വീക്ഷണകോണിൽ നിന്ന് കാണുന്ന പുസ്തകത്തിൽ നൂറ്റാണ്ടുകളായി കീഴാള സമൂഹം അനുഭവിച്ചു വരുന്ന ഹീനവും നിന്ദ്യവുമായ അടിച്ചമർത്തലുകൾക്ക് ഇരകളാക്കപ്പെട്ട ജനതയുടെ നൊമ്പരങ്ങളാണ് വായനക്കാരൻ അറിയുന്നതെന്ന് ഇഖ്ബാൽ പറഞ്ഞു.

പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സത്യജിത് റേയുടെ കഥാപാത്രമായ ഫെലുദയെ അധികരിച്ച് ബോറിയ മജുംദാർ തയാറാക്കിയ ‘ഫെലൂദ * 50’ എന്ന പുസ്തകത്തിന്റെ വായനാനുഭവം ഏഴാം ക്ലാസ് വിദ്യാർഥി അഖിൽ ഫൈസൽ ഹൃദ്യമാക്കി. ഡോ അംബികാസുതൻ മങ്ങാടിന്റെ നോവൽ ‘എൻമകജെ’ പ്രിയ സന്തോഷ് അവതരിപ്പിച്ചു. നമ്മുടെ പാരിസ്‌ഥിതിക ജാഗ്രതയ്ക്കു വേണ്ടിയുള്ള നിലവിളിയാണ് ഈ കൃതിയെന്ന് പ്രിയ നിരീക്ഷിച്ചു. ബീന അവതരിപ്പിച്ച ഗിരീഷ് ജനാർദ്ദനന്റെ ‘മദ്യപന്റെ മാനിഫെസ്റ്റൊ’ വികലമായ മദ്യനയങ്ങളും മദ്യപന്റെ നേർക്കുള്ള നഗ്നമായ ചൂഷണങ്ങളും പൊള്ളത്തരങ്ങളും തുറന്ന് കാട്ടുന്നതായി.

കെ.പി.അപ്പന്റെ ‘രോഗവും സാഹിത്യഭാവനയും’ ഡോ. കെ.രാജശേഖരൻ നായർ എഴുതിയ ‘രോഗങ്ങളും സർഗാത്മകതയും’ എന്നീ രണ്ടു പുസ്തകങ്ങളുടെ വായന ആർ.മുരളീധരൻ നിർവഹിച്ചു. യുവ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ലാസർ ഷൈൻ എഴുതിയ ‘കൂ’ എന്ന കഥാസമാഹാരം നിജാസ് അവതരിപ്പിച്ചു . എ. അയ്യപ്പന്റെ മാളമില്ലാത്ത പാമ്പ് എന്ന കവിതകളുടെ സമാഹാരത്തിന്റെ വായനാനുഭവം എം ഫൈസൽ പങ്കിട്ടു.

റഫീഖ് പന്നിയങ്കര, അനിത നസീം, സി.വി. മൻമോഹൻ, ടി. ജാബിറലി എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം, എ.പ്രദീപ് കുമാർ, സി. താരിഖ്, ജാബിർ, നന്ദൻ, വിപിൻ, സഫ്ദർ, നൗഫൽ മൂർക്കനാട്, എൻ. വിജയകുമാർ, കുഞ്ചിസ് ശിഹാബ്, അബ്ദുൽ സലാം, സമീഷ് സജീവൻ, സി. ജയപ്രകാശ്, എം.പി. അഖിൽ, എസ്. സുജിത്, രാദുൽ, റഹിം സ്രാമ്പിക്കൽ, നജ്മ, ഫാത്തിമ സഹ്റ, ഋഷികേഷ്, സംഗീത, ജോഷി പെരിഞ്ഞനം എന്നിവർ സംബന്ധിച്ചു. നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.