കേരള വിഭാഗം സ്കൂൾതല കായിക മേള
Tuesday, November 1, 2016 2:14 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരള വിഭാഗം സംഘടിപ്പിച്ച ഇന്റർ സ്കൂൾ സ്പോർട്സ് മീറ്റ് ഒക്ടോബർ 28നു വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ബോഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്നു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഓട്ടം, ലോംഗ്ജംബ്, ഷോട്ട്പുട്ട്, മീറ്റർ റിലേ എന്നിവയിൽ ശ്രീലങ്കൻ സ്കൂൾ, മോഡേൺ ഇന്റർ നാഷണൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങി ഒമാനിലെ വിവിധ സ്കൂളുകളിൽ നിന്നായി 410–ലേറെ കായികതാരങ്ങൾ പങ്കെടുത്തു. 237 പോയിന്റുകളോടെ ഇന്ത്യൻ സ്കൂൾ മസ്കറ്റ് വ്യക്‌തിഗത ചാമ്പ്യന്മാരായി. 75 പോയിന്റുകൾ നേടിയ ഇന്ത്യൻ സ്കൂൾ മുലാദ രണ്ടാം സ്‌ഥാനവും 66 പോയിന്റുകളോടെ ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര മൂന്നാം സ്‌ഥാനത്തും എത്തി. കേരള വിഭാഗം ഇതു മൂന്നാം തവണയാണു ഇന്ത്യൻ സ്കൂളുകൾക്ക് പുറമേ മറ്റു സ്കൂളുകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് കായിക മേള സംഘടിപ്പിക്കുന്നത്.

രാവിലെ എട്ടിനു കായിക താരങ്ങളും അധ്യാപകരും സംഘാടകരും പങ്കെടുത്ത വർണശബളമായ മാർച്ച്പാസ്റ്റിൽ ഒമാന്റെ ഒന്നാം നമ്പർ കാർ റാലി ചാമ്പ്യൻ സൈഫ് അൽ ഐസ്രി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ അൽ സീബിലെ കായിക താരവും സിബിഎസ്സി മേളയിലെ അവാർഡ് ജേതാവുമായ ഐശ്വര്യ പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ ഒളിമ്പ്യൻ ഹന്ദാൻ മൊഹമ്മദ് നാസർ അൽ മാമരി വിജയികൾക്കും ചാമ്പ്യന്മാർക്കുമുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിത്സൺ ജോർജ്, കേരള വിഭാഗം സ്‌ഥാപക കൺവീനറും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സിക്രട്ടറിയുമായ പി.എം ജാബിർ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കേരള വിഭാഗം അംഗങ്ങൾക്കായി, വനിതകൾക്കും പുരുഷന്മാർക്കുമുള്ള ഷോട്ട്പുട്ട് മത്സരവും നടന്നു.

റിപ്പോർട്ട്: സേവ്യർ കാവാലം