ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ വി. യുദാൾീഹായുടെ തിരുനാൾ
Tuesday, November 1, 2016 2:14 AM IST
ഷിക്കാഗോ: അത്ഭുത പ്രവർത്തകനും, ക്രിസ്തുശിഷ്യനുമായ വി. യുദാൾീഹായുടെ തിരുനാൾ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങൾ ഭക്‌ത്യാദരപൂർവം ആഘോഷിച്ചു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ശിമയോന്റെ തിരുനാൾ, ജപമാല മാസത്തിന്റെ സമാപന ആഘോഷങ്ങൾ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.

ഒക്ടോബർ 30–നു ഞായറാഴ്ച നടന്ന തിരുനാൾ പ്രാർത്ഥനകളിലും ദിവ്യബലിയിലും രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, റവ മാത്യു പന്തലാനിക്കൽ എന്നിവരും ദിവ്യബലിയിൽ കാർമികരായി പങ്കുചേർന്നു.

വിശുദ്ധരുടെ മാതൃകാ ജീവിതത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സ്വജീവിതത്തിൽ പകർത്താനുള്ള തീരുമാനം നല്ലൊരു ക്രിസ്തീയജീവിതം നയിക്കുവാനായി നമ്മെ സഹായിക്കുമെന്ന് സന്ദേശമധ്യേ പിതാവ് ഉത്ബോധിപ്പിച്ചു. മാതാവിന്റെ സംരക്ഷണത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ജപമാല സമർപ്പണം ജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കണമെന്നും പിതാവ് പറയുകയുണ്ടായി.



ഒക്ടോബർ 26–നു ജന്മദിനമാഘോഷിച്ച പിതാവിന് ഇടവകയുടെ നാമത്തിൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പ്രത്യേകം ആശംസകൾ അറിയിച്ചു. തീർത്ഥാടനത്തിലായിരുന്ന പിതാവും വികാരി അച്ചനും മരിയൻ തീർത്ഥാടന സ്‌ഥലങ്ങളിലെല്ലാം രൂപതയേയും ഇടവകയേയും പ്രത്യേകമായി സമർപ്പിച്ചു പ്രാർത്ഥിക്കുകയുണ്ടായെന്ന് പറഞ്ഞു.

തിരുനാൾ പ്രാർത്ഥനകൾക്കുശേഷം ആഘോഷമായ പ്രദക്ഷിണവും, നേർച്ച വിതരണവും, സ്നേഹവിരുന്നുമുണ്ടായിരുന്നു. ഇടവകയിലെ ഏതാനും വിശ്വാസികൾ ചേർന്നാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം